ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്കുള്ള കടുത്ത താക്കീതായി 38 കാരിയുടെ കോവിഡ് മരണം; മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ബ്രസീലിയന്‍ യുവത് അഡ്രിയാന കോവിഡ് ബാധിച്ച് മരിച്ചത് പത്ത് ദിവസം കൊണ്ട്; ചെറുപ്പക്കാരും കോവിഡ് പിടിച്ച് മരിക്കുമെന്നതിന് പുതിയ തെളിവ്

ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്കുള്ള കടുത്ത താക്കീതായി 38 കാരിയുടെ കോവിഡ് മരണം;  മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ബ്രസീലിയന്‍ യുവത് അഡ്രിയാന കോവിഡ് ബാധിച്ച് മരിച്ചത് പത്ത് ദിവസം കൊണ്ട്; ചെറുപ്പക്കാരും കോവിഡ് പിടിച്ച് മരിക്കുമെന്നതിന് പുതിയ തെളിവ്

കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ മാത്രമേ മരിക്കുകയുള്ളുവെന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയൊരു മരണം കൂടി ഓസ്‌ട്രേലിയയില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി അഡ്രിയാന മിഡോറി തക്കാര(38)യാണ് കോവിഡ് ബാധിച്ച് പത്ത് ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്ക് കടുത്ത താക്കീതേകുന്നതാണ് അഡ്രിയാനയുടെ അകാലവിയോഗമെന്ന് പരക്കെ എടുത്ത് കാട്ടപ്പെടുന്നു.


മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരിയായിരുന്നു അഡ്രിയാനയെന്നത് ഇത്തരക്കാര്‍ക്കും കോവിഡ് പിടിപെട്ട് മരണകാരണമാകാമെന്നത് വ്യക്തമാക്കുന്നു.ബ്രസീലില്‍ നിന്ന് അക്കൗണ്ടിംഗ് പഠനത്തിനായി എത്തിയ അഡ്രിയാന സിഡ്‌നി നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റാണ് അഡ്രിയാനയെ ബാധിച്ചിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ രേഖപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണ് അഡ്രിയാനയുടേത്.

ഈ ചെറുപ്പക്കാരിയും 70 വയസിനു മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയും ഞായറാഴ്ച മരിച്ചതോടെ, ഡെല്‍റ്റ വൈറസ് മൂലമുള്ള മരണം എട്ടായി വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നു അഡ്രിയാനയുടെ ആരോഗ്യ സ്ഥിതി ഡെല്‍റ്റ ബാധിച്ചതിന് ശേഷം അതിവേഗത്തില്‍ വഷളായി മരണത്തില്‍ കലാശിക്കുകയായിരുന്നു.കോവിഡ് ഉറപ്പിച്ച് പത്താം ദിവസമാണ് റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ വച്ച് ഈ യുവതി മരിച്ചിരിക്കുന്നത്.

ഈ യുവതിയുടെ ബോയ്ഫ്രണ്ടിനും ഫ്‌ലാറ്റില്‍ ഒരുമിച്ച് ജീവിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കും കൊവിഡ് പിടിപെട്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.അഡ്രിയാനയുടെ മരണം ചെറുപ്പക്കാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്‍എസ്ഡബ്ല്യൂ ഘടകം പ്രസിഡന്റ് ഡാനിയല്‍ മക്കല്ലന്‍ ഓര്‍മിപ്പിക്കുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ കോവിഡ് പിടിപെട്ട് മരിച്ച 900പേരില്‍ ആറ് പേര്‍ മാത്രമാണ് 49വയസില്‍ കുറവുള്ളവരായിട്ടുള്ളത്.

Other News in this category



4malayalees Recommends