സിഡ്നിയിലെ ക്ലിനിക്ക് കോവിഡ് വാക്‌സിനായി പണം വാങ്ങി; കാംപ്‌സിയിലെ ക്ലിനിക്ക് വാക്‌സിനേഷനെത്തിയവരില്‍ നിന്ന് വാങ്ങിയത് 200ലേറെ ഡോളര്‍; വേഗത്തില്‍ വാക്‌സിന്‍ ലഭിക്കാനായി പണം നല്‍കിയവരേറെ;നിയമവിരുദ്ധമായ നീക്കത്തില്‍ കടുത്ത നടപടിയെന്ന് ഗവണ്‍മെന്റ്

സിഡ്നിയിലെ ക്ലിനിക്ക് കോവിഡ് വാക്‌സിനായി പണം വാങ്ങി; കാംപ്‌സിയിലെ ക്ലിനിക്ക് വാക്‌സിനേഷനെത്തിയവരില്‍ നിന്ന് വാങ്ങിയത് 200ലേറെ ഡോളര്‍; വേഗത്തില്‍ വാക്‌സിന്‍ ലഭിക്കാനായി പണം നല്‍കിയവരേറെ;നിയമവിരുദ്ധമായ നീക്കത്തില്‍ കടുത്ത നടപടിയെന്ന് ഗവണ്‍മെന്റ്
ഓസ്‌ട്രേലിയയിലെ ഏവര്‍ക്കും എത്രയും വേഗം സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സിഡ്‌നിയിലെ കാംപ്‌സിയിലുള്ള ക്ലിനിക്ക് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് പണം വാങ്ങുന്നുവെന്ന വിമര്‍ശനമാണ് ശക്തമായിരിക്കുന്നത്. ഇവിടെ വാക്‌സിനെടുക്കാനെത്തിയവരില്‍ നിന്നും ഈ ക്ലിനിക്ക് 200ലേറെ ഡോളറാണ് വസൂലാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് വാക്‌സിന്‍ വേഗത്തില്‍ ലഭിക്കുന്നതിനാണ് പണമടച്ചതെന്നാണ് ഇതിന് മുതിര്‍ന്നവര്‍ ന്യായീകരിക്കുന്നത്.

ബ്ലെസ്ഡ് ഹെല്‍ത്ത് കെയര്‍ എന്ന ജി പി ക്ലിനിക്കിന്റെ വച്ച് പൊറുപ്പിക്കാന്‍ സാധിക്കാത്ത നീക്കത്തില്‍ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും റെജിസ്‌ട്രേഷനുമായാണ് ഫീസ് വാങ്ങിയിരിക്കുന്നത്.ഫൈസര്‍ വാക്സിനെടുക്കാനെത്തിയ 20 കാരിയില്‍ നിന്ന് എവലിന്‍ സ്ട്രീറ്റിലുള്ള ഈ ക്ലിനിക്ക് 250 ഡോളറാണ് വാങ്ങിയിരിക്കുന്നത്.

സിഡ്നിയില്‍ മഹാമാരി പെരുകുന്ന സാഹചര്യത്തില്‍ വാക്സിനായി മാസങ്ങളോളം കാത്തിരിക്കാതെ പെട്ടെന്ന് വാക്സിന്‍ ലഭിക്കുന്നതിനാണ് പണം നല്‍കി വാക്സിന്‍ സ്വീകരിച്ചതെന്ന് ഒരു മലേഷ്യന്‍ സ്ത്രീ പറയുന്നു.ടെംപററി വിസയിലുള്ള ഇവരുടെ പല സഹപ്രവര്‍ത്തകരും ഇത്തരത്തില്‍ ഇവിടെ നിന്ന് വാക്സിന്‍ സ്വീകരിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.ആറാഴ്ചക്ക് ശേഷം വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി 60 ഡോളറും ക്ലിനിക്ക് വസൂലാക്കുന്നുണ്ട്. ചിലരില്‍ നിന്ന് രണ്ടാം ഡോസിനായി 120 ഡോളറും വാങ്ങുന്നുണ്ട്.

Other News in this category



4malayalees Recommends