നൈന ക്ലിനിക്കല്‍ എക്‌സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍

നൈന ക്ലിനിക്കല്‍ എക്‌സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ നേഴ്‌സ് അസോസിയേഷനുകളുടെ മാതൃ സംഘടനയായ നൈനയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും മൂന്നാമത്തെ ക്ലിനിക്കല്‍ എക്‌സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫെറെന്‍സും ഒക്ടോബര്‍ 29, 30 തീയതികളില്‍ ന്യൂയോര്‍ക്ക് ലഗ്വാര്‍ഡിയ മാറിയറ്റ് ഹോട്ടലില്‍ വെച്ച് നടത്തപ്പെടും. കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നും മുന്നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ലിഡിയ അല്‍ബുഖുര്‍കി അറിയിച്ചു.


ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്‌സുമാര്‍ക്ക് തുല്യതക്കായുള്ള മുന്നേറ്റത്തിനു പ്രാപകമായ കഴിവ് വികസിപ്പിക്കുക എന്ന പ്രതിപാദ്യവിഷയതിലൂന്നിയുള്ള സെമിനാറുകളില്‍ നോര്‍ത് വെല്‍ ഹെല്‍ത്ത് നഴ്‌സിംഗ് റീസെര്‍ച് വൈസ് പ്രസിഡന്റായ ഡോ. ലില്ലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നഴ്‌സിംഗ് മെഡിക്കല്‍ രംഗത്തെ പ്രഗത്ഭരായ ഇരുപത്തഞ്ചോളം വിദഗ്ദ്ധര്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. നൈന വൈസ് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് , നൈന അഡ്വാന്‍സ്ഡ് പ്രാക്ടീസ് മേധാവിയും, ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അധ്യക്ഷയുമായ ഡോ. അന്നാ ജോര്‍ജ് എന്നിവരാണ് കോണ്‍ഫെറെന്‍സിന്റെ മുഖ്യ സംഘാടകര്‍.


ഇന്ത്യയില്‍ നിന്ന് കുടിയേറിയതും ഇന്ത്യന്‍ പാരമ്പര്യമുള്ള അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതുമായ നഴ്‌സുമാരുടെ ഉന്നമനത്തിനു വേണ്ടി ആഘോരാത്രം പ്രവര്‍ത്തിക്കുന്ന നൈന കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജൈത്രയാത്ര തുടരുന്നു. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കുവാനുള്ള പ്രവര്‍ത്തിനത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷകാലം വ്യാപൃതരായ അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ വളരെ ഉത്സാഹത്തോടും ഉന്മേഷത്തോടുകൂടെയാണ് നൈനയുടെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുവാന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്നത്.


ഒക്ടോബര്‍ 29 സന്ധ്യക്ക് ലഗ് വാര്‍ഡിയ മാരിയേറ്റില്‍ വെച്ച് നടക്കുന്ന ഗാലനെറ്റില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിന്നും അനേകം വിശിഷ്ടതിഥികള്‍ പങ്കെടുക്കും. തദവസരത്തില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയര്‍സ് എ. കെ വിജയകൃഷ്ണന്‍ നൈനയുടെ പതിഞ്ചാം വര്‍ഷീക സൗവെനീര്‍ പ്രകാശനം ചെയ്യും . തുടര്‍ന്ന് നൈനഡെയ്‌സി അവാര്‍ഡ് ദാന ചടങ്ങില്‍ ഡെയ്‌സി പ്രസിഡന്റ് ബോണി ബാണ്‍സ് മുഖ്യതിഥിയായി പങ്കെടുക്കും. ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന കലാപരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നന്നുവരികയാണെന്നു മുഖ്യസംഘടകരായ ഡോ. അന്നാ ജോര്‍ജ് , ഡോ. സോളിമോള്‍ കുരുവിള, ജെസ്സി ജെയിംസ്, ലൈസി അലക്‌സ് , ഡോളമ്മ പണിക്കര്‍, ഏലിയാമ്മ മാത്യു എന്നിവര്‍ അറിയിച്ചു .


തുടര്‍ന്ന് നടത്തപെടുന്ന എഡ്യൂക്കേഷണല്‍ സെമിനാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നൈന എഡ്യൂക്കേഷന്‍ ചെയര്‍ സാന്ദ്ര ഇമ്മാനുവേല്‍ അറിയിച്ചു. അമേരിക്കന്‍ നഴ്‌സിംഗ് ക്രെഡിഷ്യലിംഗ് അംഗീകാരമുള്ള 9.25 മണിക്കൂര്‍ ക്ലാസുകള്‍ നഴ്‌സുമാര്‍ക്കായി സജ്ജീകരിക്കുന്നതിനപ്പുറം കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുന്നരുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ മുന്‍നിര്‍ത്തി അതിനന്യൂനത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റികളുമായി നേരിട്ടു ഉപദേശം ലഭിക്കുവാനുള്ള അവസരമുണ്ടെന്നു നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ട് അക്കാമ്മ കല്ലേല്‍, സെക്രട്ടറി സുജ തോമസ്, ട്രെഷറര്‍ താര ഷാജന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ കോണ്‍ഫെറെന്‍സിലേക്കു രജിസ്റ്റര്‍ ചെയുവാന്‍ ഇനിയും അവസരമുണ്ട്. മറ്റു വിവരങ്ങള്‍ക്ക് www.nainausa.org


Other News in this category4malayalees Recommends