മയക്കുമരുന്നിന് അടിമപ്പെട്ട് പിതാവിനെ കുത്തിക്കൊന്ന യുഎഇ പൗരന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

മയക്കുമരുന്നിന് അടിമപ്പെട്ട് പിതാവിനെ കുത്തിക്കൊന്ന യുഎഇ പൗരന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു
മയക്കുമരുന്നിന് അടിമപ്പെട്ട് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ അബുദാബി സുപ്രീം കോടതി ശരിവച്ചു. ആസൂത്രിത കൊലപാതകമാണെന്നും പ്രതി കുറ്റക്കാരനാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുഎഇ പൗരന്റെ വധശിക്ഷ കോടതി ശരിവച്ചത്. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് യുവാവ് സ്വന്തം പിതാവിന്റ ദേഹമാസകലം 36 തവണ കുത്തിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാന്‍ പിതാവ് വിസമ്മതിച്ചതിനാലാണ് കൊല നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ റമദാന്‍ മാസത്തിലായിരുന്നു സംഭവം.

'രക്തപ്പണ'ത്തിന് പകരമായി കൊലയാളിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം വിസമ്മതിക്കുകയും പ്രതികാരം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.പ്രതി സ്ഥിരമായി പണം ചോദിച്ച് പിതാവിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കള്‍ വാങ്ങാനാണ് ഇയാള്‍ പണം ഉപയോഗിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആവശ്യമായ പണം നല്‍കാന്‍ വിസമ്മതിക്കുമ്പോഴെല്ലാം പ്രതി പിതാവിനെ മര്‍ദിക്കുക പതിവായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. മയക്കുമരുന്ന് കേസിലെ മുന്‍ പ്രതിയായ യുവാവിനെ നേരത്തെ ഡ്രഗ് അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവുമായി സംസാരിക്കാനുണ്ടെന്ന വ്യാജേനയാണ് പ്രതി കൊല നടന്ന ദിവസം പിതാവിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയത്. പിതാവ് അടുത്തെത്തിയ ഉടന്‍, പ്രതി അയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് 36 തവണ കുത്തുകയായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.Other News in this category4malayalees Recommends