ആദ്യകാലത്ത് യുകെയിലെത്തിയ ആലപ്പുഴ മുഹമ്മ സ്വദേശി ജെയിംസ് കുര്യന്‍ ഷ്രൂസ് ബെറിയില്‍ അന്തരിച്ചു ; മലയാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച വ്യക്തിത്വം ; അപ്രതീക്ഷിത വിയോഗ വാര്‍ത്തയില്‍ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

ആദ്യകാലത്ത് യുകെയിലെത്തിയ ആലപ്പുഴ മുഹമ്മ സ്വദേശി ജെയിംസ് കുര്യന്‍ ഷ്രൂസ് ബെറിയില്‍ അന്തരിച്ചു ; മലയാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച വ്യക്തിത്വം ; അപ്രതീക്ഷിത വിയോഗ വാര്‍ത്തയില്‍ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍
ആദ്യകാലത്ത് കുടിയേറിയ ഷ്രൂസ്ബറിയിലെ മലയാളി ജെയിംസ് കുര്യന്‍ യോഗ്യവീട് അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 50 വര്‍ഷത്തോളമായി യുകെയിലെത്തിയ അദ്ദേഹം മലയാളി സമൂഹത്തിന് പ്രിയങ്കരനാണ്. നാട്ടില്‍ നിന്ന് പുതിയതായി എത്തുന്ന ഓരോരുത്തര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായം നല്‍കാനും മുന്നിലുള്ള വ്യക്തിയായിരുന്നു. ആലപ്പുഴ മുഹമ്മ സ്വദേശിയായ ജെയിംസ് കുര്യന്‍ നഴ്‌സിങ് രംഗത്ത് ജോലി ചെയ്തിരുന്നു. നിരവധി സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. മരണ വാര്‍ത്ത പ്രിയപ്പെട്ടവര്‍ക്ക് വലിയ വേദനയാകുകയാണ്.

20ാം വയസ്സിലാണ് ജെയിംസ് ഇംഗ്ലണ്ടിലുള്ള അമ്മാവനൊപ്പം യുകെയിലെത്തിയത്. ജോലികള്‍ ശരിയാകാതെ വന്നതോടെ നഴ്‌സിങ് പഠന രംഗത്തേക്കിറങ്ങി. നഴ്‌സിങ് ബിരുദം നേടി ജോലിയില്‍ പ്രവേശിച്ചു. നഴ്‌സിങ്ങില്‍ കൂടുതല്‍ പഠനം നടത്തി ഷ്രൂസ്‌ബെറിയിലെ മാനസിക രോഗ ആശുപത്രിയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തി മലയാളികള്‍ക്കാകെ അഭിമാനമായി മാറി.വിസിബിള്‍ മൈനോരിറ്റി കമ്മിഷന്‍ എന്ന പേരില്‍ ചാരിറ്റി സ്ഥാപിച്ച് സമൂഹത്തിലെ താഴേക്കിടയില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.

വര്‍ണ വിവേചനത്തിന് ഇരയായവര്‍ക്ക് വേണ്ടി നിയമം പഠിച്ച് കോടതിയില്‍ പോയി സ്വയം വാദിച്ച് ആവശ്യമായ നഷ്ടപരിഹാരം വാങ്ങികൊടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

ഷ്രൂസ്ബറിയില്‍ എത്തുന്ന മലയാളികള്‍ക്ക് ഏത് ആവശ്യത്തിനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു ജെയിംസ് കുര്യന്‍. കരീബിയന്‍ സ്വദേശിനിയായ ഏയ്ഞ്ചലിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. റിട്ടയര്‍ ചെയ്ത ശേഷം ഭാര്യക്കും മൂന്നു മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയവേയാണ് മരണം.

ഷ്രൂസ്‌ബെറിയിലേയും ടെല്‍ഫോര്‍ഡിലേയും മലയാളി സമൂഹം കുടുംബത്തിനെ ആശ്വസിപ്പിച്ച് കൂടെയുണ്ട്.

Other News in this category



4malayalees Recommends