59 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിനെ അഭിസംബോധന ചെയ്യാന്‍ ബ്രിട്ടീഷ് രാജ്ഞിക്ക് സാധിച്ചില്ല. രാജകസേരയില്‍ ഇരുന്നതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് എലിസബത്ത് രാജ്ഞി പല ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കാന്‍ ആരോഗ്യം സമ്മതിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നത്. തനിക്ക് പകരക്കാരായി ചാള്‍സ്, വില്ല്യം രാജകുമാരന്മാര് പാര്‍ലമെന്റില്‍ എത്തിയതില്‍ രാജ്ഞി ഏറെ അഭിമാനത്തോടെ സാക്ഷ്യം വഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നിരുന്നാലും പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങില്‍ നടക്കാനുള്ള പ്രയാസം മൂലം ഒഴിവാക്കിയതിന് രാജകുടുംബത്തിന്റെ താക്കോല്‍ കൈമാറിയെന്ന് അര്‍ത്ഥമില്ലെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. രാജകുടുംബത്തിന്റെ 'താക്കോല്‍' ഇപ്പോഴും 96-കാരിയുടെ കൈകളില്‍ ഭദ്രമാണെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇതിന് മുന്‍പ് ഗര്‍ഭം ധരിച്ച അവസ്ഥയില്‍ മാത്രമാണ് രാജ്ഞി സ്റ്റേറ്റ് ഓപ്പണിംഗിന് എത്താതെ പോയിട്ടുള്ളത്. ഇക്കുറി രാജ്ഞിയുടെ പ്രസംഗം ചാള്‍സ് രാജകുമാരനാണ് വായിച്ചത്. വില്ല്യം രാജകുമാരനും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. വില്ല്യം ആദ്യമായാണ് പാര്‍ലമെന്റില്‍ ഈ ചടങ്ങിനെത്തുന്നത്.
ഹൗസ് ഓഫ് ലോര്‍ഡ്സിലെ രാജ്ഞിയുടെ കസേര ആദരസൂചകമായി ഒഴിച്ചിട്ടു. വിന്‍ഡ്സറില്‍ നിന്നും ടെലിവിഷനിലാണ് രാജ്ഞി നടപടിക്രമങ്ങള്‍ വീക്ഷിച്ചത്. ഇതോടെ 96-കാരിയായ രാജ്ഞിയെ ഇനി വെസ്റ്റ്മിന്‍സ്റ്റര്‍ പാലസില്‍ കാണാന്‍ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇത്തരം വാദങ്ങള്‍ കൊട്ടാരത്തിലെ ശ്രോതസ്സുകള്‍ ഉടന്‍ തള്ളി. 73-കാരനായ ചാള്‍സ് രാജകുമാരന് പ്രിന്‍സ് റെജെന്റായാണ് സ്റ്റേറ്റ് ഓപ്പണിംഗിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.