ഒരാളെ കൊല്ലുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ സേര്‍ച്ച്; പിന്നാലെ മുന്‍ കാമുകി ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ വെച്ച് കഴുത്ത് മുറിക്കാന്‍ ശ്രമം, ഒന്‍പത് തവണ കുത്തി; മലയാളി പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച 25-കാരന് 16 വര്‍ഷം ജയില്‍ശിക്ഷ

ഒരാളെ കൊല്ലുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ സേര്‍ച്ച്; പിന്നാലെ മുന്‍ കാമുകി ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ വെച്ച് കഴുത്ത് മുറിക്കാന്‍ ശ്രമം, ഒന്‍പത് തവണ കുത്തി; മലയാളി പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച 25-കാരന് 16 വര്‍ഷം ജയില്‍ശിക്ഷ
മുന്‍ കാമുകിയെ കഴുത്ത് മുറിച്ച് കൊല്ലാനും, ഒന്‍പത് തവണ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത അസൂയ മൂത്ത യുവാവിന് ജയില്‍ശിക്ഷ. മലയാളി കൂടിയായ മുന്‍ കാമുകിയെയാണ് 25-കാരന്‍ ശ്രീറാം അമ്പാര്‍ല 2022 മാര്‍ച്ചില്‍ ഈസ്റ്റ് ഹാമിലെ ബാര്‍ക്കിംഗ് റോഡിലുള്ള റെസ്‌റ്റൊന്റില്‍ വെച്ച് ഭക്ഷണം കഴിക്കാനിരുന്ന ആളുകള്‍ക്ക് മുന്നില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.

2016-ല്‍ ഇന്ത്യയില്‍ എഞ്ചിനീയറിംഗ് പഠിക്കവെയാണ് അമ്പര്‍ല യുവതിയെ കണ്ടുമുട്ടുന്നത്. എന്നാല്‍ തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതോടെ 2019-ല്‍ യുവതി പ്രണയം അവസാനിപ്പിച്ചു. ഇതിന് ശേഷം ലണ്ടനില്‍ പഠിക്കാന്‍ എത്തിയപ്പോഴും ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു.

മലയാളി വിദ്യാര്‍ത്ഥിനി താമസിച്ച സ്ഥലത്ത് അപ്രതീക്ഷിതമായി എത്തുകയും, ബ്ലാക്ക്‌മെയില്‍ ചെയ്ത് വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് ലണ്ടനിലെ റെസ്റ്റൊറന്റില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യവെയാണ് അമ്പര്‍ല യുവതിയെ അക്രമിച്ചത്. സംഭവത്തില്‍ ഒരു മാസത്തോളം വിദ്യാര്‍ത്ഥിനി അത്യാഹിത വിഭാഗത്തിലായിരുന്നു.

മനുഷ്യനെ കൊല്ലുന്നത് എങ്ങനെയെന്നാണ് റെസ്റ്റൊറന്റില്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ അമ്പര്‍ല ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്ന് ഓള്‍ഡ് ബെയ്‌ലി വിചാരണയില്‍ വ്യക്തമായി. 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കുമ്പോഴും യാതൊരു ഭാവമാറ്റവും കൂടാതെയാണ് ഇയാള്‍ നിന്നത്. ഇരയെ ഇനിയൊരിക്കലും ബന്ധപ്പെടാന്‍ പാടില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തി.

Other News in this category



4malayalees Recommends