യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍
രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ സൈബര്‍ അക്രമണം ഉണ്ടായെന്ന് സൂചനയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ അര്‍ദ്ധരാത്രിയില്‍ രൂപപ്പെട്ട കുരുക്കിന്റെ ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പാസ്‌പോര്‍ട്ട് സ്‌കാനിംഗ് ഗേറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ നീണ്ട വരികളാണ് പ്രത്യക്ഷപ്പെട്ടത്.

ലാന്‍ഡ് ചെയ്ത വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയും രൂപപ്പെട്ടു. കാലതാമസം ട്രെയിനുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കിയെന്നും പരാതിയുണ്ട്. ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളങ്ങള്‍ക്ക് പുറമെ മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, സൗത്താംപ്ടണ്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, അബെര്‍ദീന്‍ വിമാനത്താവളങ്ങളെയും പ്രതിസന്ധി ബാധിച്ചു.

പലരും മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് വിമാനത്താവളങ്ങളില്‍ നിന്നും പുറത്തിറങ്ങിയത്. അതേസമയം സാങ്കേതിക പ്രശ്‌നം നേരിടുന്നതായി മുന്‍കൂര്‍ വിവരം നല്‍കാതിരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഇ-ഗേറ്റുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. ബോര്‍ഡര്‍ സുരക്ഷ ഒരു ഘട്ടത്തിലും ഭീഷണി നേരിട്ടില്ല, സൈബര്‍ അക്രമത്തിന്റെ സൂചനകളുമില്ല, ഹോം ഓഫീസ് വക്താവ് പറഞ്ഞു.


Other News in this category



4malayalees Recommends