എന്‍എച്ച്എസ് ജോലി മടുത്തോ? എങ്കില്‍ കാനഡയിലേക്ക് സ്വാഗതം! എന്‍എച്ച്എസ് നഴ്‌സുമാര്‍, ഡോക്ടര്‍, കെയറര്‍ എന്നിവരെ റാഞ്ചാന്‍ കാനഡ പരസ്യപ്രചരണം നടത്തുന്നു; കുറഞ്ഞ വരുമാനവും, മോശം തൊഴില്‍ സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ച് കൊളുത്തിടല്‍

എന്‍എച്ച്എസ് ജോലി മടുത്തോ? എങ്കില്‍ കാനഡയിലേക്ക് സ്വാഗതം! എന്‍എച്ച്എസ് നഴ്‌സുമാര്‍, ഡോക്ടര്‍, കെയറര്‍ എന്നിവരെ റാഞ്ചാന്‍ കാനഡ പരസ്യപ്രചരണം നടത്തുന്നു; കുറഞ്ഞ വരുമാനവും, മോശം തൊഴില്‍ സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ച് കൊളുത്തിടല്‍
എന്‍എച്ച്എസിലെ തൊഴില്‍ സമ്മര്‍ദങ്ങളെ കുറിച്ച് ഇനി ഏറെയൊന്നും വിവരിക്കാനില്ല. അറിഞ്ഞതും, അറിയാത്തതുമായ കാര്യങ്ങള്‍ വളരെ ചുരുക്കം. എന്നാല്‍ നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധനയോ, തൊഴില്‍ സമ്മര്‍ദം ചുരുക്കാന്‍ കൂടുതല്‍ ജീവനക്കാരെയോ നല്‍കാന്‍ ഗവണ്‍മെന്റ് വേണ്ടത്ര പരിശ്രമങ്ങള്‍ നടത്തുന്നുമില്ല. ഈ സാഹചര്യത്തില്‍ പൊറുതി മുട്ടിയ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും റാഞ്ചാന്‍ ഒരു വിദേശ രാജ്യം ബ്രിട്ടനില്‍ പരസ്യപ്രചരണം ആരംഭിച്ചിരിക്കുകയാണ്.

വെയില്‍സിലെ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും ലക്ഷ്യമിട്ടാണ് കാനഡ ഇവിടെ വിവിധ ഭാഗങ്ങളിലായി വലിയ പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വെല്‍ഷ് എന്‍എച്ച്എസിലെ കുറഞ്ഞ ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളിലെ അസംതൃപ്തിയും മുന്‍നിര്‍ത്തിയാണ് പരസ്യങ്ങള്‍. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയാണ് ഇപ്പോള്‍ തന്നെ ക്ഷാമം നേരിടുന്ന ജോലിക്കാരെ റാഞ്ചാന്‍ ശ്രമിക്കുന്നത്.

കെയര്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയിലെ ജോലികള്‍ക്കായി അപ്ലൈ ചെയ്യാനാണ് പരസ്യങ്ങള്‍ ആവശ്യപ്പെടുന്നത്. വെല്‍ഷ് എന്‍എച്ച്എസില്‍ നേരിടുന്ന നിലവിലെ അസംതൃപ്തി മുതലാക്കി ജീവനക്കാരെ വലവീശി പിടിക്കുകയാണ് കാനഡയുടെ ലക്ഷ്യം. വെയില്‍സില്‍ കഴിഞ്ഞ വര്‍ഷം ഡോക്ടര്‍മാരും, നഴ്‌സുമാരും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.

മറ്റുള്ളവരെ പരിചരിക്കുന്നതിന് നിങ്ങളെ പരിചരിക്കുന്ന ഇടം തെരഞ്ഞെടുക്കാനും, രോഗികള്‍ക്ക് ആവശ്യമുള്ളത് നല്‍കുമ്പോള്‍ നിങ്ങളുടെ എല്ലാം നഷ്ടമാകരുത് എന്നിങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍. വെയില്‍സില്‍ എന്‍എച്ച്എസ് ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്നത് വലിയ പ്രതിസന്ധിയാണ്. 2023 അവസാനം വെയില്‍സില്‍ 2717 രജിസ്റ്റേഡ് നഴ്‌സ് വേക്കന്‍സികളാണ് നിലവിലുള്ളതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. ഏജന്‍സി നഴ്‌സുമാരെ ആശ്രയിച്ചാണ് എന്‍എച്ച്എസ് പിടിച്ചുനില്‍ക്കുന്നത്.

Other News in this category



4malayalees Recommends