ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനയുടെ ഹാക്കിംഗ്; സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു; ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവിട്ടത് ഗുരുതര വീഴ്ച; ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനയുടെ ഹാക്കിംഗ്; സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു; ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവിട്ടത് ഗുരുതര വീഴ്ച; ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍
ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്. സൈനിക അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ചോര്‍ച്ചയില്‍ കാല്‍ മില്ല്യണ്‍ ആളുകള്‍ പെട്ടതായാണ് വിവരം. വന്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് എംപിമാര്‍ക്ക് മുന്നില്‍ വിവരം നല്‍കാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്.

സൈനിക സേവനം നല്‍കുന്നവരെയും, വിരമിച്ചവരെയും ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് അടുത്ത ദിവസങ്ങളിലാണ് കണ്ടെത്തിയത്. ഏത് രാജ്യമാണ് ഹാക്കിംഗിന് പിന്നിലെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് ചൈനയാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പേറോള്‍ സിസ്റ്റത്തില്‍ നടന്ന സൈബര്‍ അക്രമത്തില്‍ നിലവില്‍ സേവനം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരും, വിരമിച്ച അംഗങ്ങളും പെടും. ഇവരുടെ പേരുകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ചോര്‍ന്നത്. പ്രതിരോധ മന്ത്രാലയ ജീവനക്കാരെ ഹാക്ക് ചെയ്യാന്‍ ചൈന പല തവണ ശ്രമിച്ചിരുന്നു.

നിലവിലെ സൈനികരുടെ സുരക്ഷയെ ഹാക്കിംഗ് ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. ചോര്‍ച്ച നേരിട്ടവര്‍ക്ക് വിവരം നല്‍കുകയും, പിന്തുണ ഉറപ്പാക്കുകയും ചെയ്യും. കോണ്‍ട്രാക്ടര്‍ സിസ്റ്റത്തിന് പ്രതിരോധ മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകളുമായി ബന്ധമില്ല. ഈ സിസ്റ്റം പരിശോധനയ്ക്കായി തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ 72 മണിക്കൂറായി എത്രത്തോളം വിവരം ചോര്‍ന്നുവെന്ന് കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഡിഫന്‍സ് മന്ത്രാലയം. സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികരുടെ വിവരങ്ങള്‍ ഇതില്‍ പെട്ടിട്ടില്ലെന്ന് പ്രതിരോധ ശ്രോതസ്സുകള്‍ പറയുന്നു. അതേസമയം ചൈനീസ് പ്രസിഡന്റ് ഫ്രാന്‍സില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends