മോഹന്‍ലാലിനൊപ്പം ഒന്ന് അഭിനയിപ്പിക്കാമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കണം: അക്ഷയ് കുമാര്‍

മോഹന്‍ലാലിനൊപ്പം ഒന്ന് അഭിനയിപ്പിക്കാമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കണം: അക്ഷയ് കുമാര്‍
മലയാള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് അക്ഷയ് കുമാര്‍. തമിഴില്‍ രജികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിപ്പിക്കുമോയെന്ന് പ്രിയദര്‍ശനോട് ചോദിക്കുമെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രം രക്ഷാ ബന്ധന്റെ പ്രചാരണ പരിപാടിയില്‍ മലയാളി ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം.

തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് ഒരേയൊരു പ്രശ്‌നം ഭാഷയാണെന്നും തനിക്ക് വേണ്ടി മറ്റൊരാള്‍ ശബ്ദം നല്‍കുന്നതിനോട് താല്‍പ്പര്യമില്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.

'മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷം മാത്രമേ ഉള്ളൂ. പക്ഷേ പ്രശ്‌നമുണ്ട്, മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തില്‍ സംസാരിക്കാനാണ് ഇഷ്ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കുന്നതില്‍ താല്‍പ്പര്യമില്ല. എനിക്ക് മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ ഒരു സിനിമ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായി കരുതുന്നു.' അക്ഷയ് കുമാര്‍ പറഞ്ഞു.


Other News in this category4malayalees Recommends