നഴ്‌സുമാരുടെ പണിമുടക്ക് അവസാനിച്ചു, ഇനി ആംബുലന്‍സ് ജോലിക്കാരുടെ സമരം; ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് യൂണിയന്‍ മേധാവികള്‍; രോഗികളുടെ സുരക്ഷ ഗ്യാരണ്ടി ചെയ്യാന്‍ കഴിയില്ലെന്ന് 'കൈകഴുകി' ആരോഗ്യ മേധാവികള്‍

നഴ്‌സുമാരുടെ പണിമുടക്ക് അവസാനിച്ചു, ഇനി ആംബുലന്‍സ് ജോലിക്കാരുടെ സമരം; ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് യൂണിയന്‍ മേധാവികള്‍; രോഗികളുടെ സുരക്ഷ ഗ്യാരണ്ടി ചെയ്യാന്‍ കഴിയില്ലെന്ന് 'കൈകഴുകി' ആരോഗ്യ മേധാവികള്‍

ശമ്പളവിഷയത്തില്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്ന്. സമരദിനത്തില്‍ ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ മാത്രം വീഴ്ചയാകുമെന്ന് യൂണിയന്‍ മേധാവികള്‍ പറഞ്ഞു. മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മക്അനിയ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ജോലിക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന പിടിവാശിയിലാണ് ഗവണ്‍മെന്റ്.


ഈ ഘട്ടത്തിലാണ് ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഗവണ്‍മെന്റിന്റേതാണെന്ന് യൂണിയന്‍ മേധാവികള്‍ വ്യക്തമാക്കിയത്. ശമ്പള കരാര്‍ നേടാനുള്ള അവസാന വട്ട ശ്രമങ്ങള്‍ക്ക് എന്‍എച്ച്എസ് മേധാവികള്‍ ഋഷി സുനാകിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇംഗ്ലണ്ടിലും, വെയില്‍സിലും 10,000-ഓളം ആംബുലന്‍സ് ജീവനക്കാരാണ് പണിമുടക്കുന്നത്. സേവനങ്ങള്‍ ബുദ്ധിപരമായി ഉപയോഗിക്കാനാണ് ജനങ്ങള്‍ക്കുള്ള ഉപദേശം. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം 999 ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. തടസ്സങ്ങള്‍ ഉടലെടുക്കുമെന്നതിനാല്‍ ആംബുലന്‍സ് സേവനങ്ങള്‍ നിലനിര്‍ത്താന്‍ 750 സൈനികരെ രംഗത്തിറക്കുന്നുണ്ട്.

പണിമുടക്ക് ഗവണ്‍മെന്റിനെ ഉണര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിനാ അക്അനിയ വ്യക്തമാക്കി. ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഗവണ്‍മെന്റിന്റേത് മാത്രമാകും, അത്രയും നിരുത്തരവാദപരമായ സമീപനമാണ് അവരുടേത്. സമരത്തിന് തൊട്ടുതലേന്ന് മാത്രമാണ് യോഗത്തിനായി എന്നെ വിളിച്ചത്. യാതൊരു വിധത്തിലുള്ള ചര്‍ച്ചയും തുടങ്ങിവെയ്ക്കാത്തത് നിരുത്തരവാദമാണ്, മക്അനിയ വ്യക്തമാക്കി.

സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം 999 കോള്‍ ഹാന്‍ഡ്‌ലേഴ്‌സാണ് അടുത്തതായി പണിമുടക്കുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിനിടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് മേധാവികള്‍ കൈകഴുകിയിട്ടുണ്ട്. അവസാന നിമിഷം ഒരു കരാര്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.
Other News in this category



4malayalees Recommends