നിമ്യയുടെ വിയോഗത്തില്‍ വേദനയോടെ യാത്രയേകി പ്രിയപ്പെട്ടവര്‍ ; മൂന്നര വയസ്സു മാത്രമുള്ള മകനേയും ലിജോയേയും തനിച്ചാക്കി നിമ്യ മടങ്ങി ; മൃതദേഹം ഈ മാസം 30ന് നാട്ടിലെത്തിക്കും

നിമ്യയുടെ വിയോഗത്തില്‍ വേദനയോടെ യാത്രയേകി പ്രിയപ്പെട്ടവര്‍ ; മൂന്നര വയസ്സു മാത്രമുള്ള മകനേയും ലിജോയേയും തനിച്ചാക്കി നിമ്യ മടങ്ങി ; മൃതദേഹം ഈ മാസം 30ന് നാട്ടിലെത്തിക്കും
യുകെയില്‍ എത്തിയിട്ട് 9 മാസം മാത്രം ആയിട്ടുള്ളൂവെങ്കിലും ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു നിമ്യ. അതിനാല്‍ തന്നെ നൂറു കണക്കിന് പേരാണ് നിമ്യയ്ക്ക് യാത്രയേകാന്‍ എത്തിയത്.

ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. ബെക്‌സില്‍ ഓണ്‍ സീയിലെ നിമ്യാ മാത്യൂസിന്റെ പൊതുദര്‍ശനത്തില്‍ യുകെ മലയാളി സമൂഹം എത്തിയത് വലിയ വേദനയോടെയാണ്. ഇത്ര ചെറുപ്രായത്തിലെ വിയോഗം ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.

ഭര്‍ത്താവ് ലിജോയ്ക്കും ഏക മകനും ഇനി തനിച്ചാകേണ്ട അവസ്ഥ.

ബെക്‌സില്‍ ഓണ്‍ സീ സെന്റ് മാര്‍ത്താസ് പള്ളിയില്‍ വച്ചാണ് പൊതുദര്‍ശന ചടങ്ങുകള്‍ നടന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണി വരെ നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ യാത്രാമൊഴിയേകാനെത്തി. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ഫാ. മാത്യു മുളയോളില്‍, ഫാ. ജോസഫ് മുക്കാട്ട്, ഫാ. മാത്യൂ കുരിശുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

ഡിസംബര്‍30ന് രാവിലെ ഏഴു മണിക്ക് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ മൃതദേഹം എത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

ഈസ്റ്റ് സസ്സെക്‌സിലെ ബെക്‌സില്‍ ഓണ്‍ സീ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു നിമ്യ. നവംബര്‍ 27ന് ഞായറാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീണാണ് നിമ്യ മാത്യൂസ്(34) ഗുരുതരാവസ്ഥയില്‍ ആയത്. ചികിത്സയിലിരിക്കേ ട്യൂമറാണെന്ന് കണ്ടെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൂവാറ്റുപുഴ വാഴക്കുളം കാവന കഴിക്കാചാലില്‍ വീട്ടില്‍ ലിജോ ജോര്‍ജാണ് ഭര്‍ത്താവ്. ഏക മകന്‍ ഡെറിക്ക്.

Other News in this category



4malayalees Recommends