ബര്‍മിംഗ്ഹാമില്‍ ബോക്‌സിംഗ് ഡേ ആഘോഷിക്കാനിറങ്ങിയ ഫുട്‌ബോള്‍ താരത്തെ കുത്തിക്കൊന്നു; സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ നില്‍ക്കവെ ഒരു സംഘം അക്രമിച്ചു; കൊല്ലപ്പെട്ടത് 23 വയസ്സുകാരന്‍

ബര്‍മിംഗ്ഹാമില്‍ ബോക്‌സിംഗ് ഡേ ആഘോഷിക്കാനിറങ്ങിയ ഫുട്‌ബോള്‍ താരത്തെ കുത്തിക്കൊന്നു; സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ നില്‍ക്കവെ ഒരു സംഘം അക്രമിച്ചു; കൊല്ലപ്പെട്ടത് 23 വയസ്സുകാരന്‍

ബോക്‌സിംഗ് ഡേയില്‍ ബര്‍മിംഗ്ഹാമിലെ ക്രെയിന്‍ നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ യുവാവിനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ താരമായ 23-കാരന്‍ കോഡി ഫിഷറാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. റെഡിച്ച് സ്വദേശിയായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ആസ്വദിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഡിഗ്‌ബെത്തിലെ ആഡെര്‍ലി സ്ട്രീറ്റില്‍ കത്തിക്കുത്ത് ഏറ്റതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി.


കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് കോഡി സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് ഹൃദയം തകര്‍ക്കുന്ന ദുരന്തം കുടുംബത്തെ തേടിയെത്തിയത്. രാത്രി 11.45-ഓടെയാണ് ക്രെയിന്‍ നൈറ്റ്ക്ലബില്‍ കത്തിക്കുത്ത് നടന്നതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന് വിവരം ലഭിച്ചത്.

യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറിന് ശേഷം മരിച്ചു. സ്ട്രാറ്റ്‌ഫോര്‍ഡ് ടൗണ്‍, സ്റ്റൗര്‍ബ്രിഡ്ജ് എഫ്‌സി, ബ്രോംസ്‌ഗ്രോവ് സ്‌പോര്‍ട്ടിംഗ് എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള സെമി-പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാണ് കോഡി ഫിഷര്‍. പ്രശസ്തനായ ടെക്‌നോ ഡിജെ മാര്‍കോ കരോള പരിപാടി അവതരിപ്പിക്കുമ്പോഴും നൈറ്റ്ക്ലബിലെ സുരക്ഷാ പരിശോധനകള്‍ മോശമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രശ്‌നം സൃഷ്ടിക്കാനായി ഒരു കൂട്ടം തെമ്മാടികള്‍ ശ്രമിച്ചതായി 23-കാരന്‍ സിഡ്‌നി പവര്‍ വ്യക്തമാക്കി. 'ക്ലബില്‍ എത്തിയപ്പോള്‍ മുതല്‍ മോശം അവസ്ഥയായിരുന്നു. ഒരു സംഘം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവര്‍ പാട്ട് കേള്‍ക്കാന്‍ എത്തിയതല്ല', യുവാവ് പറഞ്ഞു.

സുരക്ഷാ പരിശോധന മോശമായതിനാല്‍ ആര്‍ക്കും അകത്തേക്ക് എന്തും കൊണ്ടുവരാമെന്ന നിലയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു കൗമാരക്കാരന്‍ വ്യക്തമാക്കി. ആഘോഷിക്കാന്‍ എത്തിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് ഡാന്‍സ്ഫ്‌ളോറില്‍ കൊലപാതകം അരങ്ങേറിയത്.
Other News in this category



4malayalees Recommends