യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം
ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍ അറിയിച്ചു.


2023 മാര്‍ച്ച് അവസാനത്തോടുകൂടി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ വിമാനസര്‍വീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളില്‍ ബോംബെയിലോ ഡല്‍ഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികള്‍ക്ക് ജന്മനാട്ടില്‍ എത്തുവാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് നേരത്തെ അറിയുവാന്‍ കഴിഞ്ഞത്. ലണ്ടന്‍കൊച്ചി വിമാന സര്‍വീസ് നിര്‍ത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പുനപരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടിയും എയര്‍ ഇന്ത്യ അധികൃതരില്‍ നിന്നും ലഭിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെയും കേരളത്തില്‍ നിന്നുമുള്ള എംപിമാരുടെയും നോര്‍ക്ക റൂട്ട്‌സ് അധികൃതരുടെ സഹായവും യുകെയിലെ ലോകകേരളസഭ അംഗങ്ങള്‍ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


നോര്‍ക്ക റൂറ്റ്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകളും നടത്തിയിരുന്നു. എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാംബെല്‍ വില്‍ത്സന് നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി അയച്ച ഇമെയിലിന് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ മറുപടിയില്‍ ലണ്ടന്‍. കൊച്ചി സര്‍വീസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സര്‍വീസ് സംബന്ധമായ നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ടീമുമായി ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചിരുന്നു.


യുകെയിലെ ലോക കേരള സഭാ അംഗങ്ങള്‍ക്ക് പുറമേ യുകെയിലെ ട്രാവല്‍ ടുറിസം ബിസിനിസ് രംഗത്തു പ്രവത്തിക്കുന്ന ആളുകളും ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നഷ്ടപ്പെടാതെയിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഈ വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി യുകെയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ വിലപ്പെട്ട പങ്കും വിസ്മരിക്കാനാവാത്തതാണ് .


ലണ്ടന്‍ ഹീത്രൂകൊച്ചി ഡയറക്ട് സര്‍വീസിന് പകരം ലണ്ടന്‍ ഗാറ്റ്‌വിക്ക് കൊച്ചി സര്‍വീസ് മാര്‍ച്ച് 26 മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമായി നടത്തുന്നതിനാണ് എയര്‍ഇന്ത്യ ഇപ്പോള്‍ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലും ഡയറക്റ്റ് സര്‍വീസ് നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. നേരത്തെ ലണ്ടന്‍ ഹീത്രൂവില്‍ നിന്നും നേരിട്ട് നടത്തിയിരുന്ന അമൃതസര്‍,അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്നുമാണ് പുതിയതായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഹീത്രൂവില്‍ നിന്നും ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും എയര്‍ഇന്ത്യ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളതായും അറിയുവാന്‍ കഴിഞ്ഞു.


ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ പുതിയ സമയക്രമമനുസരിച്ച് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ അത്ഭുതപൂര്‍വ്വമായ പ്രതികരണമാണ് യുകെ മലയാളികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി യാത്രക്കാര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ യാത്രാ നിരക്ക് നല്‍കുന്നതുകൊണ്ട് മറ്റ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകളും കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുകെയിലെ മലയാളികള്‍.


യുകെ മലയാളികളുടെ ജന്മനാട്ടിലേക്കുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും എയര്‍ ഇന്ത്യ അധികൃതര്‍ പിന്‍മാറിയതിനും ആഴ്ചയില്‍ മൂന്നുദിവസം കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുവാന്‍ തീരുമാനിച്ചതിനും എയര്‍ ഇന്ത്യ അധികൃതരെ യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങളായ എസ് ശ്രീകുമാര്‍, സി എ ജോസഫ്, നിധിന്‍ ചന്ദ്, ആഷിക് മുഹമ്മദ് നാസര്‍, ജയപ്രകാശ് സുകുമാരന്‍, സുനില്‍ മലയില്‍, അഡ്വ.ദിലീപ് കുമാര്‍, ഷാഫി റഹ്മാന്‍, ലജീവ് കെ രാജന്‍, ജയന്‍ ഇടപ്പാള്‍ എന്നിവര്‍ സംയുക്തമായി നന്ദി അറിയിച്ചു. ഇപ്പോള്‍ ലണ്ടനില്‍ നിന്നും ആഴ്ചയില്‍ മൂന്നു ദിവസമായി നടത്തുന്ന കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതാണെന്നും അതിനു വേണ്ടി യുകെയില്‍ നിന്നുമുള്ള ലോക കേരളസഭാഅംഗങ്ങള്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നതാണെന്നും അറിയിച്ചു.

Other News in this category



4malayalees Recommends