ഷീബ അമീറും സൊലസും പിന്നെ നമ്മള്‍ എല്ലാവരും: ഡോ. കല ഷഹി

ഷീബ അമീറും സൊലസും പിന്നെ നമ്മള്‍ എല്ലാവരും: ഡോ. കല ഷഹി
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്റ്റണില്‍ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തില്‍ പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവര്‍ക്കായി വേണ്ട സഹായങ്ങള്‍ നാം ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട ഒരു വിഭാഗമാണ് കുഞ്ഞുങ്ങള്‍. അവരുടെ ആകുലതകള്‍ നമ്മെയെല്ലാം വേട്ടയാടും, ഉത്തരമില്ലാത്ത ചോദ്യം പോലെ. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി ഒരു അമ്മ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്. ഇതിനോടകം തന്നെ അമേരിക്കന്‍ മലയാളികളുടെ നിരവധി സഹായഹസ്തം സ്വീകരിച്ചിട്ടുള്ള ഷീബ അമീറിന് ഇനിയും സഹായങ്ങള്‍ എത്തേണ്ടതുണ്ട്. അവരുടെ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തില്‍ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങള്‍ക്കായുള്ളതാണ്. 'പ്രകാശമുള്ള വീട്' അല്ലെങ്കില്‍ 'സാന്ത്വനം' എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സ്ഥാപനം ചിന്തകളുടെ ഇരുട്ടില്‍ പെട്ടുപോയ മാതാപിതാക്കള്‍ക്ക് ഒരു വെളിച്ചം തന്നെയാണ്. പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ക്കിടയില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ ഒരു കുഞ്ഞു പിറന്നാല്‍ ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് മറ്റുള്ള മാതാപിതാക്കള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?


സൊലസ് എന്ന സ്ഥാപനത്തിന്റെ അമരക്കാരി ഷീബ അമീര്‍ നമുക്കെല്ലാം പ്രിയപ്പെട്ടവളാകുന്നത് ഭിന്നശേഷിയുള്ള, കാന്‍സര്‍ ബാധിച്ച കുട്ടികളെ ചേര്‍ത്തു പിടിക്കുമ്പോഴാണ്. 'നടന്നുപോയവള്‍' എന്ന പുസ്തകത്തില്‍ ഷീബ അമീറിനെ നമുക്ക് വായിച്ചെടുക്കാം. ആ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ കണ്ണ് നിറയാതെ ഒരാളും ആ പുസ്തകം താഴെ വയ്ക്കില്ലെന്ന് തീര്‍ച്ച. താന്‍ അനുഭവിച്ചതിന്റെ ആയിരത്തില്‍ ഒരു ഭാഗം പോലും എഴുത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എഴുത്തുകാരി തന്നെ പറഞ്ഞു വച്ചിട്ടുണ്ട്.


ഷീബയുടെ മകള്‍ നിലൂഫ അര്‍ബുദ രോഗബാധിതയായി മുംബൈയിലെ ടാറ്റ ആശുപത്രിയില്‍ കഴിഞ്ഞ നാളുകള്‍ ആണ് ഇന്നത്തെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലേക്കു തിരിയാന്‍ പ്രേരണയായത്. മകള്‍ക്കൊപ്പം കഴിയേണ്ടി വന്ന ആ മൂന്നു വര്‍ഷമാണ് തന്റെ കാഴ്ചപ്പാടുകളെ അടിമുടിമാറ്റി എഴുതിയതെന്ന് അവര്‍ തന്നെ പറയുന്നു. 'നടന്നു പോയവള്‍ ' എന്ന പുസ്തകത്തില്‍ വായിച്ച ഒരു ഭാഗം മനസ്സില്‍ നിന്നും മായുന്നില്ല. 'ഒരു അമ്മ കുഞ്ഞിന് സുഖമില്ലാതെ എന്റെ അരികില്‍ വന്ന് വിങ്ങിപ്പൊട്ടി കരയുമ്പോള്‍ എനിക്ക് അത് അതേ അളവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഞാന്‍ അതേ വേദന മുന്‍പ് അനുഭവിച്ചിട്ടുള്ളതു കൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ എനിക്ക് വേദനിക്കും. എനിക്ക് ആ വേദനയുടെ ആഴം അറിയുന്നത് ഞാന്‍ ആഴത്തിനെക്കുറിച്ചു ബോധവതിയായതിനാലാണ്.'


മനുഷ്യനില്‍ വികാരം കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ എന്റെ കുഞ്ഞിന് വേദനിക്കുന്നത് പോലെ തന്നെയാണ് മറ്റൊരു കുഞ്ഞിന്റെയും വേദന എന്ന് തിരിച്ചറിയാന്‍ സാധിക്കുമ്പോഴാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു കൈത്താങ്ങ് ആവുക എന്നതു തന്നെയാണ് സമൂഹത്തിനുവേണ്ടി ഇത്തരം ഒരു സ്ഥാപനം തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് ഷീബ പറയുന്നു. മകളുടെ മരണശേഷം ടാറ്റാ ആശുപത്രിയുടെ പടിയിറങ്ങി തൃശ്ശൂര്‍ പാലിയേലിറ്റി സൊസൈറ്റിയില്‍ സന്നദ്ധസേവകയായി ചേര്‍ന്നു. അവിടുന്ന് കിട്ടിയ അനുഭവങ്ങളുമായാണ് സൊലസ് എന്ന സംഘടനയുടെ ആശയം ഉദിക്കുന്നതെന്നും അവര്‍ പറഞ്ഞു.


ഒറ്റവാക്കില്‍ സൊലസിനെ നിര്‍വചിക്കാന്‍ കഴിയില്ല. 'കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് ഫോര്‍ ചില്‍ഡ്രന്‍ വിത്ത് ലോംഗ് ടേം ഇല്‍നെസ് 'എന്നാണ് സൊലസിന്റെ റ്റാഗ്‌ലൈന്‍. ജീവന് ഭീഷണിയാകുന്ന വിവിധങ്ങളായ രോഗമുള്ള കുട്ടികളുടെ ചികിത്സാ സഹായം എന്നതായിരുന്നു തുടക്കത്തില്‍ ലക്ഷ്യം. 2007ല്‍ സ്ഥാപിതമായ സൊലസ് പിന്നീട് അര്‍ബുദത്തിന് പുറമേ തലസീമിയ സെറിബ്രല്‍പാള്‍സി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കൂടി പരിചരണം നല്‍കിവരുന്നു. കുട്ടികള്‍ക്കുള്ള സാന്ത്വനം എന്ന രീതിയില്‍ തുടങ്ങി പടര്‍ന്നു പന്തലിച്ച് എല്ലാ അര്‍ത്ഥത്തിലും കുടുംബത്തെ മുഴുവനായി ഏറ്റെടുക്കുന്ന രീതിയിലേക്ക് കൂടി സൊലസ് ഇന്ന് വളര്‍ന്നു കഴിഞ്ഞു. അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടികളുടെ നിര്‍ധനരായ അമ്മമാരുടെ ജീവിതത്തിന് തൊഴില്‍ പരിശീലനം കൊടുക്കുന്നതും സൗജന്യ ഭക്ഷണ പദ്ധതിയും അതിന്റെ ഭാഗമായി മാറി. രോഗിയായ കുട്ടികളെ അമിത പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നത് മറ്റു കുഞ്ഞുങ്ങള്‍ക്ക് അവഗണനയായി തോന്നുന്ന അവസ്ഥയില്‍ കൗണ്‍സിലിംഗും നടത്തിവരുന്നു. മാതാപിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗും ഇത്തരം അവസ്ഥയില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് പുനരധിവാസം നല്‍കുന്ന പ്രവര്‍ത്തനവും സൊലസ് ചെയ്തു വരുന്നു. നിരവധി സന്നദ്ധപ്രവര്‍ത്തകരുടെ കൂടി കാരുണ്യത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഇന്നത്തെ ഈ സ്ഥാപനം.


ലോകമെമ്പാടുമുള്ള നല്ല മനുഷ്യരുടെ ക്യാപ്ഷന്‍ ആണ് സൊലസ്. മനുഷ്യത്വം എന്ന് ചോര്‍ന്നു പോകുന്നുവെന്ന് തോന്നുന്നുവോ അന്ന് ഇത് നിര്‍ത്തി പോകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഷീബ അമീര്‍ പറഞ്ഞത് അതിനെ വ്യക്തമായ ലക്ഷ്യബോധം ഉള്ളതുകൊണ്ട് തന്നെയാണ്.


ഈ സ്ഥാപനത്തില്‍ 5000 ത്തോളം വരുന്ന രോഗികള്‍ക്കുള്ള പരിചരണവും കേരളത്തിലെ ഒന്‍പത് ജില്ലകളിലായി 10 കേന്ദ്രവും, അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുമായി സഹകരിക്കുന്ന സംഘങ്ങളും ഉണ്ടെന്ന് ആശ്വാസം നല്‍കുന്ന വാര്‍ത്ത തന്നെയാണ്.


ആരോഗ്യമുള്ള മക്കളുടെ ഭാവിയെ പറ്റി ഇത്രയധികം വെപ്രാളപ്പെടുന്ന പുതിയ തലമുറയിലെ മാതാപിതാക്കള്‍ പൂര്‍ണ്ണ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് വളരെ നല്ലതാണ്. ഷീബ അമീറിനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സര്‍വേശ്വരനോട് നന്ദി പറയുന്നു. ഒപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനായ ഫൊക്കാനയും ഷീബ അമീറിനൊപ്പം എന്നും ഉണ്ടാകും. അതിനായി വേണ്ടതെല്ലാം ഫൊക്കാന ചെയ്യുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നു.


ഡോ. കല ഷഹി (ഫൊക്കാന ജനറല്‍ സെക്രട്ടറി)

Other News in this category4malayalees Recommends