കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. ഹേവാര്‍ഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിലും, സമീപമുള്ള ശിവദുര്‍ഗ ക്ഷേത്രത്തില്‍ മോഷണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവുമാണ് പുതിയ സംഭവവികാസം.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് (എച്ച്എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും ക്ഷേത്രങ്ങളില്‍ സ്ഥാപിക്കണമെന്നും എച്ച്എഎഫ് അറിയിച്ചു.
കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരയുണ്ടായ ആക്രമണത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപലപിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്നാണ് നെവാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചത്.