ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ 29 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‌ലന്‍ഡിലെ പട്ടായയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഓഡിനന്‍സന്‍ എന്ന 31 കാരനാണ് അപകടത്തില്‍ തലയടിച്ചുവീണ് മരിച്ചത്.
ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നാതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പട്ടായയില്‍ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളില്‍ നിന്ന് നിയമവിരുദ്ധമായാണ് ഇയാള്‍ ആകാശച്ചാട്ടം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന് ആവശ്യമായ അനുമതി നാതിക്ക് ലഭിച്ചിരുന്നില്ല. നാതി ഇതിനു മുമ്പും ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയിരുന്നതായി കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു.
ഇത്തവണ കാറില്‍ കെട്ടിടത്തിന് സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തന്റെ ആകാശച്ചാട്ടം വീഡിയോയില്‍ പകര്‍ത്താല്‍ ഏല്‍പ്പിച്ച് കെട്ടിടത്തിന് മുകളിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. കൗണ്ട്ഡൗണിന് പിന്നാലെ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയെങ്കിലും പാരഷൂട്ട് നിവര്‍ത്താനായില്ല. ഇതോടെ നിലത്ത് തലയിടിച്ച് വീണാണ് മരണം. ശനിയാഴ്ച രാത്രി 7.30 നാണ് അപകടത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും നാതി മരിച്ച നിലയിലായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.