ഖത്തറില്‍ കേസില്‍ പെട്ട മുന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഖത്തറില്‍ കേസില്‍ പെട്ട മുന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ഖത്തറില്‍ നയതന്ത്ര ഇടപെടലിലൂടെ ശിക്ഷാ ഇളവ് ലഭിച്ച മുന്‍ ഇന്ത്യന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ എട്ടാമത്തെ ഇന്ത്യക്കാരന്‍ തിരിച്ചെത്തുമെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ന്യൂഡല്‍ഹിയില്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടര ആഴ്ച മുമ്പ് ഏഴ് മുന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ഒരാള്‍ക്ക് മാത്രം ഇവര്‍ക്കൊപ്പം മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഴുപേര്‍ ഫെബ്രുവരി 12ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

'അല്‍ദഹ്‌റ ഗ്ലോബല്‍ കേസില്‍ ഉള്‍പ്പെട്ട എട്ട് ഇന്ത്യന്‍ പൗരന്മാരെയും ഖത്തര്‍ വിട്ടയച്ചതാണ്. ഇവരില്‍ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. എട്ടാമത്തെ ഇന്ത്യന്‍ പൗരന് ചില ആവശ്യകതകള്‍ നിറവേറ്റേണ്ടതുണ്ട്. അവ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം മടങ്ങിവരും രണ്‍ധീര്‍ ജയ്‌സ്വാള്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണ് ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാവികസേനയിലെ സൈനികര്‍ക്ക് വധശിക്ഷ വിധിച്ചത്. ഖത്തറിലെ അപ്പീല്‍ കോടതി ഡിസംബര്‍ 28ന് വധശിക്ഷ ഇളവ് ചെയ്യുകയും വിവിധ കാലയളവുകളിലേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു. ചാരവൃത്തി ആരോപിച്ചാണ് അറസ്റ്റ് ചെയ്തതെങ്കിലും കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഖത്തര്‍ അധികൃതരോ ഇന്ത്യയോ മുന്‍ സൈനികള്‍ക്കെതിരായ കുറ്റങ്ങള്‍ പരസ്യമാക്കിയില്ല.

Other News in this category



4malayalees Recommends