മാഞ്ചസ്റ്റര്‍ മലയാളിയുടെ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ; അയല്‍വാസികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍ ; മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന

മാഞ്ചസ്റ്റര്‍ മലയാളിയുടെ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ; അയല്‍വാസികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍ ; മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന
മാഞ്ചസ്റ്റര്‍ മലയാളി സിബിയുടെ ഭാര്യ സിജയുടെ മാതാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കോതമംഗലം കള്ളാട് ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.

കൊലപാതകക്കേസില്‍ അയല്‍വാസികളായ മൂന്നുപേര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും 3.30നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ അധ്യാപികയായ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്.

ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കോതമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



Other News in this category



4malayalees Recommends