പഴയ കേസുകള്‍ കുത്തി പൊക്കി തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം ; അറസ്റ്റിലായാല്‍ തന്റെ പിന്തുണക്കുന്നവര്‍ പോരാടും ; ജോ ബൈഡനെ വിമര്‍ശിച്ച് ട്രംപ്

പഴയ കേസുകള്‍ കുത്തി പൊക്കി തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം ; അറസ്റ്റിലായാല്‍ തന്റെ പിന്തുണക്കുന്നവര്‍ പോരാടും ; ജോ ബൈഡനെ വിമര്‍ശിച്ച് ട്രംപ്
പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് രഹസ്യമായി പണം നല്‍കിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരേ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016ലെ കേസില്‍ ന്യൂയോര്‍ക്ക് ജൂറിയുടെ തന്റെ പേരില്‍ നടത്തുന്ന അന്വേഷണത്തിനെതിരേയാണ് ട്രംപിന്റെ പ്രതികരണം. കേസില്‍ ന്യൂയോര്‍ക്ക് ജൂറി ട്രംപിനെതിരെ അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ട്രംപിന്റെ അറസ്റ്റുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ട്രംപ് ജോ ബൈഡനെതിരെ രംഗത്ത് വന്നത്. താന്‍ അറസ്റ്റിലായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ട്രംപ് തന്നെ പിന്തുടരുന്നവര്‍ ഇതിനെതിരേ പോരാടണമെന്ന് ആവശ്യപ്പെട്ടു. ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തനിക്കൊപ്പം നില്‍ക്കണമെന്ന് അനുനായികളോട് ആവശ്യപ്പെട്ടത്. ബൈഡന്‍ ഭരണകൂടവും മാന്‍ഹട്ടണ്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗും ഈ കേസില്‍ ഒത്തുകളിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. രണ്ടാം വരവിലും പക്ഷെ നിലയുറപ്പിക്കാനാവാത്ത സ്ഥിയാണ് ട്രംപിനുള്ളത്. ലൈംഗികാരോപണ കേസ് ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവരുടെ വാദം.

അശ്ലീലച്ചിത്രങ്ങളിലെ താരം സ്റ്റോമി ഡാനിയല്‍സ് ട്രംപിനെതിരായി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പിന്‍വലിക്കാനായി 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപ് 13,0000 ഡോളര്‍ നടിക്ക് നല്‍കിയതെന്നാണ് ആരോപണം. ട്രംപിന്റെ അടുപ്പക്കാരനായ അഭിഭാഷകന്‍ വഴിയാണ് പണം കൈമാറിയതെന്ന വിവരം പുറത്തു വന്നിരുന്നു. ട്രംപിനെതിരെ നിരവധി ആരോപണങ്ങളാണ് വീണ്ടും പൊങ്ങി വന്നിരിക്കുന്നത്. പ്രസിഡന്റായിരിക്കേ, രഹസ്യസ്വഭാവമുള്ള ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു, 2020ലെ തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു, കാപിറ്റോള്‍ കലാപത്തിന് ആഹ്വാനംചെയ്തു തുടങ്ങിയ കേസുകളില്‍ ട്രംപ് നിയമനടപടി നേരിടുന്നുണ്ട്.

Other News in this category4malayalees Recommends