'മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ഒഴുക്കി കളഞ്ഞു'; കേരള പൊലീസില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്വീഡിഷ് പൗരന്‍

'മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ഒഴുക്കി കളഞ്ഞു'; കേരള പൊലീസില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്വീഡിഷ് പൗരന്‍
കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പൗരന്‍ സ്റ്റീവ് ആസ് ബര്‍ഗ്. കേരള പൊലീസില്‍ നിന്നും ഇത്തരം ഒരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്റ്റീവ് പറഞ്ഞു. മൂന്ന് കുപ്പി മദ്യമാണ് കയ്യില്‍ ഉണ്ടായിരുന്നത്. പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം ബില്ല് ആവശ്യപ്പെട്ടു. കയ്യില്‍ ബില്ല് ഉണ്ടായിരുന്നില്ലെന്നും പിന്നീട് കുപ്പി വലിച്ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സ്റ്റീവ് പറഞ്ഞു. പ്ലാസ്റ്റിക്ക് കുപ്പിയായതിനാല്‍ മദ്യം ഒഴുക്കി കളയുകയായിരുന്നുവെന്നും സ്റ്റീവ് വ്യക്തമാക്കി.

നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊടുത്തതെന്നും സ്റ്റീവ് പറഞ്ഞു. നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്റ്റീവ് വ്യക്തമാക്കി.ഇന്നലെയാണ് സ്വീഡിഷ് പൗരനായ സ്റ്റീവിനെ തടഞ്ഞു നിര്‍ത്തിയ പൊലീസ് ബില്ല് കൈവശമില്ലാതിരുന്നതിന്റെ പേരില്‍ മദ്യം കളയാന്‍ ആവശ്യപ്പെട്ടത്. മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്.

വിനോദ സഞ്ചാരിയായ സ്റ്റീവിന് നേരെയുണ്ടായ പെരുമാറ്റത്തില്‍ കേരള പൊലീസിനെതിരെ വിവിധ തലങ്ങളില്‍ നിന്നും വ്യപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒടുവില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്ദ് റിയാസും പൊലീസിനെതിരെ രംഗത്തെത്തി. പൊലീസ് നടപടി ടൂറിസം നയത്തിന് വിരുദ്ധമാണെന്നും ടൂറസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Other News in this category



4malayalees Recommends