നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിനേയും സഹോദരനേയും ചോദ്യം ചെയ്യും ; പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ സംവിധായകന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കും

നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിനേയും സഹോദരനേയും ചോദ്യം ചെയ്യും ; പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ സംവിധായകന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കും
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനേയും അന്വേഷണസംഘം ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ഈ മാസം 20 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതിയുടെ നിര്‍ദ്ദേശം.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടന്‍ ദിലീപിനെയും ഉറ്റ ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്. കാവ്യാമാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ദിലീപ് പീഡനദൃശ്യങ്ങള്‍ വീട്ടില്‍ ഇരുന്ന് കണ്ടതും പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധവുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ചു എന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് സമ്മതിച്ചു എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

പീഡന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ച വിഐപിയെ കണ്ടെത്താനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. സാമ്യതയുള്ള ചിലരുടെ ശബ്ദ സാമ്പിളുകള്‍ നേരത്തെതന്നെ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതും വിഐപിയുടെ ശബ്ദരേഖയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. അതേസമയം വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നാണ് പോലീസിന്റെ പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 20 നാണ് കോടതി പരിഗണിക്കുക. ആക്രമിക്കപ്പെട്ട നടി തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും സമര്‍പ്പിച്ച പരാതികളില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കൈമാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ വിധി പറയാനിരിക്കെ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവായേക്കും

Other News in this category



4malayalees Recommends