പെണ്ണുകാണാന്‍ വിളിച്ചു വരുത്തി തട്ടിപ്പിനിരയാക്കി ; വിവാഹ ശേഷം സ്വന്തം വീട്ടില്‍ പോയ വധു തിരിച്ചെത്തിയില്ല ; പരാതി നല്‍കിയതോടെ പിടിയിലായത് സ്ത്രീകള്‍ അടക്കം വന്‍ തട്ടിപ്പ് സംഘം

പെണ്ണുകാണാന്‍ വിളിച്ചു വരുത്തി തട്ടിപ്പിനിരയാക്കി ; വിവാഹ ശേഷം സ്വന്തം വീട്ടില്‍ പോയ വധു തിരിച്ചെത്തിയില്ല ; പരാതി നല്‍കിയതോടെ പിടിയിലായത് സ്ത്രീകള്‍ അടക്കം വന്‍ തട്ടിപ്പ് സംഘം
പാലക്കാട് വിവാഹ തട്ടിപ്പ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. പെണ്ണുകാണാന്‍ വിളിച്ചു വരുത്തി തട്ടിപ്പിനിരയാക്കി എന്ന സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞമ്പാറ പൊലീസാണ് കേസെടുത്തത്.

ഡിസംബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ മാരേജ് ബ്യൂറോയില്‍ വിവാഹ പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പുസംഘം ഇയാളെ ഗോപാലപുരം അതിര്‍ത്തിയിലെ ആളൊഴിഞ്ഞ അമ്പലത്തിലേക്ക് വിളിച്ചുവരുത്തി സജിതയെ കാണിക്കുകയായിരുന്നു. ശേഷം വധുവിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് അന്ന് തന്നെ സജിതയും മണികണ്ഠനും തമ്മിലുള്ള വിവാഹം നടത്തുകയും ചെയ്തു. വിവാഹ ചെലവ്, ബ്രോക്കര്‍ കമ്മീഷന്‍ എന്നും പറഞ്ഞ് ഇയാളില്‍ നിന്ന് ഒന്നര ലക്ഷം അവര്‍ വാങ്ങുകയും ചെയ്തു.

വിവാഹം കഴിഞ്ഞ മണികണ്ഠന് ഒപ്പം സേലത്തെ വീട്ടിലേക്ക് സജിതയും സഹോദരന്‍ എന്ന വ്യാജേന സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളും എത്തി. തൊട്ടടുത്ത ദിവസം ഇവര്‍ സജിതയുടെ അമ്മയ്ക്ക് സുഖമില്ലെന്നും പറഞ്ഞ് നാട്ടിലേക്ക് മടങ്ങി. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല്. തുടര്‍ന്ന് മണികണ്ഠനും സുഹൃത്തുക്കളും സ്ഥലത്തെത്തി ഇവരെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയ ഇയാള്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘം പിടിയിലായത്. സമാന രീതിയില്‍ അമ്പതോളം ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends