ഗൂഢാലോചന കേസിനു പിന്നാലെ ദിലീപ് ഫോണ്‍ മാറ്റി; വീട്ടില്‍ നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍

ഗൂഢാലോചന കേസിനു പിന്നാലെ ദിലീപ് ഫോണ്‍ മാറ്റി; വീട്ടില്‍ നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദിലീപിന്റെ രണ്ട് ഫോണ്‍, അനുപിന്റെ രണ്ട് ഫോണ്‍ സുരാജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മാറ്റിയത്. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി.

അതേസമയം ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിന്‍മേല്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി.

മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്.

Other News in this category



4malayalees Recommends