കൈക്കൂലി ചോദിച്ചതില്‍ പ്രതിഷേധിച്ച് രേഖകള്‍ കീറിയെറിഞ്ഞ യുവതിക്ക് ധാന്യ മില്‍ തുടങ്ങാന്‍ ലൈസന്‍സ് കിട്ടി ; മന്ത്രിയുടെ ഇടപെടല്‍ തുണയായി

കൈക്കൂലി ചോദിച്ചതില്‍ പ്രതിഷേധിച്ച് രേഖകള്‍ കീറിയെറിഞ്ഞ യുവതിക്ക് ധാന്യ മില്‍ തുടങ്ങാന്‍ ലൈസന്‍സ് കിട്ടി ; മന്ത്രിയുടെ ഇടപെടല്‍ തുണയായി
ഉദ്യോഗസ്ഥരുടെ കൈക്കൂലി ചോദിച്ചുള്ള ശല്യം സഹിക്കാനാവാതെ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച മിനി ജോസിക്ക് ഒടുവില്‍ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗത്തില്‍ ലൈസന്‍സ് ലഭിച്ചു. ധാന്യ മില്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് ആണ് മിനിക്ക് കിട്ടിയത്.

ലൈസന്‍സിനായി ഓഫീസ് കയറിയിറങ്ങിയ യുവസംരംഭകയായ കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനിയോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ച സംഭവം ഏറെ വിവാദമായിരുന്നു.

മിനി ജോസിയാണ് നഗരസഭയുടെ ഹെല്‍ത്ത് ഓഫീസിലും റവന്യു വിഭാഗം ഓഫീസിലും കയറിയിറങ്ങി വലഞ്ഞത്. ഒടുവില്‍ ഹെല്‍ത്ത് വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയാണ് ആ ഓഫീസിലെ മറ്റുള്ളവര്‍ക്കു കൂടി വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. റവന്യു ഓഫീസിലെ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും ഇവര്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് കൈയിലുണ്ടായിരുന്ന രേഖകള്‍ കീറിയെറിഞ്ഞ് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോന്ന മിനി, തന്റെ അനുഭവം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് വ്യവസായ മന്ത്രി പി.രാജീവ് പ്രശ്‌നത്തില്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഎ ശ്രീജിത്തും വാര്‍ഡ് കൗണ്‍സിലര്‍ സിഎന്‍ രഞ്ജിത്തും ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് സംവിധാനമൊരുക്കുകയുമായിരുന്നു.

കീറിക്കളഞ്ഞ രേഖകള്‍ പരിഗണിക്കാതെ തന്നെ ഇവര്‍ക്ക് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് തയ്യാറാക്കി നല്‍കി. വ്യാഴാഴ്ച ലൈസന്‍സ് മിനി ജോസിക്ക് കൈമാറി. ലൈസന്‍സ് കിട്ടിയ ശേഷവും മന്ത്രി പി രാജീവ് വിളിച്ചതായി മിനി ജോസി പറഞ്ഞു.

Other News in this category



4malayalees Recommends