നാട്ടിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ യുക്രൈന്‍ സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിക്കുന്നു ; തുടര്‍ പഠനം അനിശ്ചിതത്വത്തിലായിരിക്കേ ആശങ്കയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും

നാട്ടിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ യുക്രൈന്‍ സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിക്കുന്നു ; തുടര്‍ പഠനം അനിശ്ചിതത്വത്തിലായിരിക്കേ ആശങ്കയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ യുക്രൈന്‍ സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഫീസ് അടക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്. ഈ ഘട്ടത്തില്‍ യുക്രൈന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഇന്ത്യയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ആറുവര്‍ഷത്തേക്കുള്ള പഠനത്തിന് 35 ലക്ഷം രൂപയിലേറെയാണ് യുക്രൈനിലെ പഠന ചെലവ്. വായ്പയെടുത്താണ് കൂടുതല്‍ പേരും പണം കണ്ടെത്തിയത്. ഫീസില്‍ ചെറിയ ഇളവ് വരുമെന്നതിനാല്‍ മുഴുവന്‍ തുകയും ഒരുമിച്ച് അടച്ചവരുമുണ്ട്. കോഴ്‌സ് കഴിഞ്ഞ് അടുത്ത വര്‍ഷം മുതല്‍ തുക തിരിച്ചടക്കേണ്ടതിനാല്‍ പഠനത്തിലെ അനിശ്ചിതത്വം എത്രയും വേഗം നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇനി തിരിച്ചുപോകുന്നത് സുരക്ഷിതമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ക്ലിനിക്കല്‍ പരിശീലനം മുടങ്ങുകയാണെന്നും ബങ്കറുകളില്‍ നിന്നാണ് അധ്യാപകര്‍ ക്ലാസെടുക്കുന്നതെന്നും ഓള്‍ കേരള യുക്രെയ്ന്‍ മെഡിക്കല്‍ സ്റ്റുഡന്‍സ് പേരന്റ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ ഹോസ്റ്റലും സര്‍വ്വകലാശാലയുടെ ഭാഗങ്ങളും തകര്‍ന്നതിനാല്‍ യുക്രൈനില്‍ അധ്യയനം തുടരുന്നത് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിചേര്‍ത്തു.


Other News in this category



4malayalees Recommends