അമ്മയെ പത്തുവര്‍ഷമായി വീടിനുള്ളില്‍ പൂട്ടിയിട്ട് 30000 രൂപ പെന്‍ഷന്‍ തട്ടിയെടുത്തു ; പൊലീസ് ഉദ്യോഗസ്ഥനായ മകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

അമ്മയെ പത്തുവര്‍ഷമായി വീടിനുള്ളില്‍ പൂട്ടിയിട്ട് 30000 രൂപ പെന്‍ഷന്‍ തട്ടിയെടുത്തു ; പൊലീസ് ഉദ്യോഗസ്ഥനായ മകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് അവരുടെ പെന്‍ഷന്‍ തുക അന്യായമായി കൈക്കാലാക്കിയിരുന്ന മക്കള്‍ക്ക് എതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനായ മകനും മറ്റൊരു മകനായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ് പത്തുവര്‍ഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ടിരുന്നത്. സംഭവത്തില്‍ 72 കാരിയായ അമ്മയെ ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ചെന്നൈയില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഷണ്‍മുഖസുന്ദരം, ദൂര്‍ദര്‍ശനില്‍ ജോലി ചെയ്യുന്ന വെങ്കടേശന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.


തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വയോധികയെ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഒറ്റയ്ക്ക് ഒരു വീട്ടിലാക്കിയ ശേഷം മക്കള്‍ രണ്ടുപേരും വേറെ വീടുകളിലാണ് താമസിച്ചിരുന്നത്. വീട്ടില്‍ നഗ്‌നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവില്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 72കാരി. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതന്‍ നല്‍കിയ രഹസ്യവിവരമാണ് വയോധികയുടെ മോചനത്തിന് കാരണമായത്.

അതേസമയം, അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് പോലീസുകാരനായ ഷണ്‍മുഖസുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ ഉപയോഗിക്കുന്നത് വെങ്കടേശന്‍ ആണ്. അതിനാല്‍ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന്‍ ആണെന്നും ഷണ്‍മുഖസുന്ദരം ആരോപിക്കുന്നു.

എന്നാല്‍, അമ്മയെ ഒറ്റയ്ക്കാക്കി മക്കള്‍ മറ്റു വീടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒച്ചവെയ്ക്കുമ്പോള്‍ ബിസ്‌കറ്റും പഴങ്ങളും പൂട്ടിയിട്ട വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഇവരുടെ ദുരവസ്ഥ വര്‍ഷങ്ങളായി അറിയാമെങ്കിലും ഭയം കാരണമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നാണ് അയല്‍വാസികളുടെ മൊഴി.

Other News in this category



4malayalees Recommends