തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയത് 258 കോടി; 82 ശതമാനവും ബി.ജെ.പിക്കെന്ന് റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയത് 258 കോടി; 82 ശതമാനവും ബി.ജെ.പിക്കെന്ന് റിപ്പോര്‍ട്ട്
2019-20 കാലഘട്ടത്തില്‍ ഏഴ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയത് 258.49 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 82 ശതമാനത്തില്‍ അധികവും ബിജെപിക്കാണെന്നും തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അറിയിച്ചു.

ആകെ ലഭിച്ച തുകയുടെ 10.45 ശതമാനം അതായത് 27 കോടി രൂപ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേടിയെന്നും കോണ്‍ഗ്രസ്, എന്‍സിപി, എഐഎഡിഎംകെ, ഡിഎംകെ, ആര്‍ജെഡി, എഎപി, എല്‍ജിപി, സിപിഎം, സിപിഐ, ലോക് താന്ത്രിക് ജനതാദള്‍ എന്നിങ്ങനെയുള്ള പത്ത് പാര്‍ട്ടികള്‍ക്ക് 19.38 കോടി രൂപ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി ഇന്ത്യയില്‍ രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ഇലക്ടറല്‍ ട്രസ്റ്റ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ഈ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന തുകയുടെ 95 ശതമാനം ട്രസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യണം.

23 ഇലക്ടറല്‍ ട്രസ്റ്റുകളില്‍ 16 എണ്ണവും 202021 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് സംഭാവന സ്വീകരിച്ചതായി പ്രഖ്യാപിച്ചതെന്നുമാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് 209 കോടിരൂപ ബിജെപിക്ക് സംഭാവനയായി നല്‍കി. 2019-20ല്‍ 217.75 കോടിയാണ് ഇവര്‍ നല്‍കിയിരുന്നത്.

ജെഡിയു, കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, എഎപി, എല്‍ജിപി എന്നിവര്‍ക്കും പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന നല്‍കിയിട്ടുണ്ട്. 202021ല്‍ ട്രസ്റ്റുകള്‍ക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 86.27 ശതമാനം അതായത് 223 കോടി പത്ത് ദായകരില്‍ നിന്നുള്ളതാണ് എന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends