വീടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

വീടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
വീടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ശിവകുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായി. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും അഗ്‌നിരക്ഷാ സേനയേയും വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാര്‍ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതെന്ന്

പോലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends