സുരേഷ് ഗോപിയെ കുറിച്ച് ഞാന്‍ അങ്ങനെ എഴുതില്ല, അത് എന്റെ കുറിപ്പല്ല, പ്രചരിപ്പിക്കരുത്..; വിശദീകരണവുമായി ബൈജു

സുരേഷ് ഗോപിയെ കുറിച്ച് ഞാന്‍ അങ്ങനെ എഴുതില്ല, അത് എന്റെ കുറിപ്പല്ല, പ്രചരിപ്പിക്കരുത്..; വിശദീകരണവുമായി ബൈജു
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് നടന്‍ ബൈജു സന്തോഷ്. ഇങ്ങനൊരു കുറിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ബൈജു പറയുന്നത്. കൊടി വച്ച കാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം 'അമ്മ'യുടെ ഓഫിസിലേക്ക് സുരേഷ് ഗോപി വരുമ്പോള്‍, അവിടുള്ളവന്‍മാരുടെ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം എന്നു പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് ബൈജുവിന്റെ പേരില്‍ പ്രചരിക്കുന്നത്.

ഇത് തന്റേതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബൈജു. 'ഞാന്‍ എഴുതിയതെന്ന പേരില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെപ്പറ്റി ഞാന്‍ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ആളുകള്‍ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല. അത് ഞാന്‍ എഴുതിയതോ പറഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയില്‍ ഉണ്ടായതാണ് അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.'

'ആ പോസ്റ്റ് കണ്ടാല്‍ സ്വപ്നം കാണുന്നത് പോലെയാണ് എഴുതിയിരിക്കുന്നത് 'അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം' എന്നൊക്കെ. ആരോ ഫാന്റസി ലോകത്ത് ഇരുന്നു എഴുതിയത് പോലെയുണ്ട്. ഞാന്‍ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടന്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിജയം ബിജെപി എന്ന പാര്‍ട്ടിയുടെ വിജയമല്ല, അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അദ്ദേഹം വിജയിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു' എന്നാണ് ബൈജു പറയുന്നത്.

ബൈജുവിന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ്:

എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്, ആ കൊടി വച്ച കാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം…'അമ്മ'യുടെ ഓഫിസിലേക്ക് അയാള്‍ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവന്‍മാരുടെ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം. മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതെ ചേര്‍ത്ത് പിടിച്ചവരുടെ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശീലയിലും അഭിനയിക്കുന്നവന്‍മാരുടെ ഇടയിലൂടെ തിരശ്ശീലയില്‍ മാത്രം അഭിനയിക്കാന്‍ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങള്‍ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടെ മുഖത്തൂന്ന് വായിച്ചെടുക്കണം.

പത്ത് മുപ്പത് വര്‍ഷമായി സിനിമ മേഖലയില്‍ ആര്‍ക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവര്‍ക്ക് ഒക്കേ സഹായം ചെയ്‌തൊരുവനെ ആപത്ഘട്ടങ്ങളില്‍ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതെ, തമ്പുരാന്‍മാരെ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവര്‍ത്തകനോടുള്ള കരുതല്‍ അഭിനയങ്ങള്‍ സിനിമസ്‌കോപ്പില്‍ 8kയില്‍ തന്നെ കാണണം.



Other News in this category



4malayalees Recommends