ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്
മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഇതില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. 'സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന വളരെ ഓര്‍ഗാനിക്കായ കഥ എഴുതുന്നവര്‍ ഇവിടുണ്ട്. അതിന്റെ സമയം ആകുമ്പോള്‍ അത് റിലീസാകും. പക്ഷെ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ആര് ശരി ആര് തെറ്റ് എന്നതല്ല. ഒരു ഏഴ് വര്‍ഷം മുമ്പ് ഈ സംസാരം ഉണ്ടാകില്ല.'

'അത് തന്നെ എന്നെ സംബന്ധിച്ച് ഒരു വിജയമാണ്. സ്ത്രീ പ്രാതിനിധ്യം മാത്രമല്ല, ഏതൊരു നൂനപക്ഷമാണെങ്കിലും ശരി. സ്റ്റോറി ടെല്ലിംഗ് ചെയ്യുമ്പോഴാണ് ഒരു കാലഘട്ടം സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. കാലഘട്ടത്തിന്റെ സാക്ഷിപത്രമായി നിലനില്‍ക്കുന്നത് സിനിമയും കവിതയും മറ്റുമൊക്കെയാണ്. അതാണ് ഞാന്‍ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യവും.'

'ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ എന്നെ തേടി വരുന്നുണ്ട്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ പറയുക.'

'നമുക്ക് വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്കാണ് തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രാപ്തയാക്കിയത്' എന്നാണ് ഒരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.

Other News in this category



4malayalees Recommends