ട്രംപിന്റെ പരിപാടിക്ക് സമീപം എകെ 47നുമായി ഒരാള്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി

ട്രംപിന്റെ പരിപാടിക്ക് സമീപം എകെ 47നുമായി ഒരാള്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ വെടിവെപ്പ് നടന്നതിന്റെ പിന്നാലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സ്ഥലത്ത് ആയുധവുമായി ഒരാള്‍ അറസ്റ്റില്‍. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയിരുന്നത്. എ കെ 47 തോക്കാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാളുടെ ബാഗില്‍ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംശയാസ്പദമായ നിലയില്‍ കണ്ടതോടെയാണ് ഇയാളെ പൊലീസ് പരിശോധിച്ചത്. മാസ്‌ക് ധരിച്ചിരുന്ന ഇയാളുടെ പക്കല്‍ വലിയ ബാഗ് ഉണ്ടായിരുന്നു.

ഇതിനിടെ മറ്റൊരു സംഭവത്തില്‍ യുഎസ് പൊലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് കത്തികളുമായി കണ്‍വെന്‍ഷന് സമീപത്ത് പ്രത്യക്ഷപ്പെട്ടയാളെയാണ് യുഎസ് പൊലീസ് വെടിവെച്ച് കൊന്നത്. 43 കാരനായ സാമുവല്‍ ഷാര്‍പ്പാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ രണ്ട് കൈകളിലും ഓരോ കത്തിയുണ്ടായിരുന്നു. നിരായുധനായ ഒരാള്‍ക്ക് നേരെ ഷാര്‍പ്പ് ആക്രമണം നടത്തിയതോടെയാണ് പൊലീസ് വെടിവെച്ചത്.

കഴിഞ്ഞ ദിവസം ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ, 20 കാരനായ തോമസ് മാത്യു ക്രൂക്ക് ട്രംപിനു നേരെ വെടിയുതിര്‍ത്തത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കന്‍ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചിരുന്നു.

ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്‍15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends