ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് പരിഹാസ വാക്കുകള്‍ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ പണി പോയി ; അപമാനകരമായ പ്രവര്‍ത്തിയില്‍ പിരിച്ചുവിട്ടു

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് പരിഹാസ വാക്കുകള്‍ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ പണി പോയി ; അപമാനകരമായ പ്രവര്‍ത്തിയില്‍ പിരിച്ചുവിട്ടു
അമേരിക്കയില്‍ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഓഫീസറായ ഡാനിയല്‍ ഓഡററെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് നടപടി.

2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കാണ്ടുല അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായിരുന്ന ജാഹ്നവി. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കെവിന്‍ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ 100 അടിയോളം അകലേക്ക് ജാഹ്നവി തെറിച്ചുവീണു.

അപകട സമയത്ത് പൊലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുമ്പോഴാണ് ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നുമാണ് ഡാനിയല്‍ ഫോണില്‍ പറഞ്ഞത്. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയുണ്ടായി.

ഓഡററുടെ വാക്കുകള്‍ ജാഹ്നവി കണ്ടുലയുടെ കുടുംബത്തിനുണ്ടാക്കിയ വേദന മായ്ക്കാനാവില്ലെന്ന് സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇടക്കാല ചീഫ് സ്യൂ റഹര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു. ഈ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി സിയാറ്റില്‍ പൊലീസിനാകെ നാണക്കേടുണ്ടാക്കി. ഈ ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിച്ചാല്‍ അത് സേനയ്ക്ക് കൂടുതല്‍ അപമാനം വരുത്തും. പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഈ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയാണ് എന്നാണ് നിലവിലെ സിയാറ്റില്‍ പൊലീസ് ചീഫ് സഹപ്രവര്‍ത്തകരെ അറിയിച്ചത്.

Other News in this category



4malayalees Recommends