കാനഡയില്‍ വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ; പുതിയ നിയമ മാറ്റങ്ങള്‍ സെപ്തംബര്‍ 26 ഓടെ പ്രാബല്യത്തില്‍

കാനഡയില്‍ വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ; പുതിയ നിയമ മാറ്റങ്ങള്‍ സെപ്തംബര്‍ 26 ഓടെ പ്രാബല്യത്തില്‍
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ട്രൂഡോ പറഞ്ഞു. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം കാനഡയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ വര്‍ദ്ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു.

ഭവന ലഭ്യത കുറഞ്ഞതിനൊപ്പം തൊഴിലില്ലായ്മ കൂടി ഉയര്‍ന്നതോടെ നയം മാറ്റുകയാണ് ട്രൂഡോ. കാനഡയില്‍ കഴിഞ്ഞ രണ്ടുമാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേര്‍ തൊഴില്‍ രഹിതരാണ്.

തൊഴില്‍ നിയമം അനുസരിച്ച് യോഗ്യതയുള്ള കനേഡിയന്‍ പൗരന്മാരുടെ ലഭ്യത കുറവുണ്ടെങ്കില്‍ വിദേശിയരുടെ കൊണ്ടുവരുന്നതില്‍ തടസ്സമില്ല. താല്‍ക്കാലിക തൊഴിലാളികളായി മൊത്തം തൊഴിലാളികളുടെ 20 ശതമാനം വരെ കൊണ്ടുവരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ മാറ്റം മൂലം പത്തുശതമാനമായി കുറയും.

2023ല്‍ 183820 വിദേശ തൊഴിലാളികള്‍ക്കാണ് കാനഡ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. 2019 ലേക്കാള്‍ 88 ശതമാനം കൂടുതലാണിത്. വിദേശ തൊഴിലാളികളുടെ വരവില്‍ നയം മാറുന്നതോടെ പല മേഖലകളിലും പെര്‍മിറ്റ് നിഷേധിക്കാനുള്ള സാഹചര്യം തെളിയും. ആരോഗ്യം ,കൃഷി നിര്‍മ്മാണ മേഖലകളില്‍ അടക്കം നിയന്ത്രണം ബാധകമാകും. സെപ്തംബര്‍ 26 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും.

Other News in this category



4malayalees Recommends