മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്, എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത് ; സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണോ മെമ്മോറാണ്ടത്തിലുള്ളത് ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് വി ഡി സതീശന്‍

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്, എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത് ; സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണോ മെമ്മോറാണ്ടത്തിലുള്ളത് ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് വി ഡി സതീശന്‍
വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശന്‍ ചോദിച്ചു. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍.

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത്. എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതില്‍ വ്യക്തതവരുത്തണം. സര്‍ക്കാറിനൊപ്പമാണ് ഞങ്ങള്‍. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സര്‍ക്കാരിനെ കുറ്റം പറയാനാണെങ്കില്‍ വേറെ എന്തൊക്കെ ഉണ്ട്. ഇതില്‍ ഒരു സംസ്‌കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്. സര്‍ക്കാര്‍ പറയട്ടെ. അവര്‍ക്ക് പണം ആവശ്യമുണ്ട്. അഡ്വാന്‍സ് തുക കിട്ടിയിട്ടില്ല. സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങള്‍ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends