കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ല ; നിരവധി പേര്‍ ഗുരുതരമായി ഇപ്പോഴും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ല ; നിരവധി പേര്‍ ഗുരുതരമായി ഇപ്പോഴും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഈ മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല,' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയതുമുതല്‍ ലോകമെമ്പാടും കാട്ടുതീ പോലെ പടര്‍ന്ന കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിനെ ലഘുവായതായി തള്ളിക്കളയുന്നതിനെതിരെ ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നല്‍കി.

കോവിഡ്19 ന്റെ ഒമിക്രോണ്‍ വകഭേദം മുമ്പത്തെ സ്‌ട്രെയിനുകളേക്കാള്‍ അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ്. എന്നാല്‍ ഒമിക്രോണ്‍ താരതമ്യേന ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുന്നില്ല എന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. പകര്‍ച്ചവ്യാധി ഘട്ടത്തില്‍ നിന്ന് മനുഷ്യരാശിക്ക് അപകടമല്ലാത്ത ഒരു പ്രാദേശിക രോഗമായി മാറുന്നതിന്റെ വക്കിലാണോ വൈറസ് എന്നതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് ഇത് തുടക്കമിട്ടിരുന്നു.

എന്നാല്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ അര്‍ത്ഥം ആളുകള്‍ ഇപ്പോഴും ഗുരുതരമായി രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

'കോവിഡ് വകഭേദമേതായാലും കേസുകളുടെ ഗണ്യമായ വര്‍ദ്ധനവ് ആശുപത്രികളിലും മരണങ്ങളിലും ഉള്ള വര്‍ദ്ധനവിന് കാരണമാകുന്നു,' ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഒമിക്രോണിന് ശരാശരി തീവ്രത കുറവായിരിക്കാം, പക്ഷേ ഇതൊരു നേരിയ രോഗമാണെന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്,'എന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസും പറഞ്ഞു.

Other News in this category4malayalees Recommends