നാഷണല്‍ ഇന്‍ഷുറന്‍സ് തുക ബോറിസ് ഗവണ്‍മെന്റിന്റെ തിരുത്താന്‍ കഴിയാത്ത തെറ്റാകുമോ? 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ മാറ്റമില്ലെന്ന് ബോറിസും, സുനാകും; സംയുക്ത ലേഖനത്തില്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷം

നാഷണല്‍ ഇന്‍ഷുറന്‍സ് തുക ബോറിസ് ഗവണ്‍മെന്റിന്റെ തിരുത്താന്‍ കഴിയാത്ത തെറ്റാകുമോ? 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ മാറ്റമില്ലെന്ന് ബോറിസും, സുനാകും; സംയുക്ത ലേഖനത്തില്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷം

വിവാദമായ 1.25 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. ഇതുവഴി 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ ടോറി എംപിമാരും, ബിസിനസ്സ് നേതാക്കളുമായും നേരിട്ടുള്ള പോരാട്ടത്തിനാണ് വഴിതുറക്കുന്നത്.


എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നാലും ഇതാണ് ശരിയായ പ്ലാന്‍ എന്ന നിലയില്‍ ഇതുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയും, ചാന്‍സലറും ഒരുങ്ങുന്നത്. ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധന നടപ്പാകുമെന്ന വിഷയത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ഇവര്‍. ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ലെവിയുമായി മുന്നോട്ട് പോകണമെന്ന് സംയുക്ത ലേഖനത്തില്‍ ഇരുവരും ആവര്‍ത്തിച്ചു.

സംയുക്ത പ്രഖ്യാപനം നടത്തിയതോടെ മുതിര്‍ന്ന ടോറി എംപിമാര്‍ രോഷപ്രകടനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളുടെ ആഘാതം ഏറ്റുവാങ്ങുന്ന ജനങ്ങള്‍ക്ക് ഇത് വലിയ തെറ്റായാണ് അനുഭവപ്പെടുകയെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രി ജോണ്‍ റെഡ്‌വുഡ് പ്രതികരിച്ചു.

നികുതി വര്‍ദ്ധനവ് ടോറി പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും റെഡ്‌വുഡ് ചൂണ്ടിക്കാണിച്ചു. നികുതി വര്‍ദ്ധനയ്ക്ക് എതിരായ പോരാട്ടം തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. എന്‍എച്ച്എസിനായി പണം കണ്ടെത്താന്‍ കോടീശ്വരന്‍മാരില്‍ നിന്നാണ് നികുതി ഈടാക്കേണ്ടതെന്ന് മുതിര്‍ന്ന ടോറി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു, അല്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികളെയല്ല ഇതിനായി ഉപയോഗിക്കേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്ലുകള്‍ 50 ശതമാനം വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന പ്രവചനങ്ങള്‍ക്കിടെയാണ് എന്‍ഐ ടാക്‌സ് വര്‍ദ്ധന വരുന്നത്. എനര്‍ജി ബില്ലുകള്‍ ശരാശരി വാര്‍ഷിക നിരക്കായ 1277 പൗണ്ടില്‍ നിന്നും 1897 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം.
Other News in this category



4malayalees Recommends