ബോറിസ് ജോണ്‍സണ്‍ 'പാര്‍ട്ടിഗേറ്റ്' കടക്കില്ല! പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താന്‍ ഋഷി സുനാക് ഒരുക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; നേതൃപോരാട്ടത്തിന് ക്യാംപെയിന്‍ വെബ്‌സൈറ്റ് വരെ തയ്യാര്‍; ബ്രിട്ടന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കിട്ടുമോ?

ബോറിസ് ജോണ്‍സണ്‍ 'പാര്‍ട്ടിഗേറ്റ്' കടക്കില്ല! പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താന്‍ ഋഷി സുനാക് ഒരുക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; നേതൃപോരാട്ടത്തിന് ക്യാംപെയിന്‍ വെബ്‌സൈറ്റ് വരെ തയ്യാര്‍; ബ്രിട്ടന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കിട്ടുമോ?

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി വരെ സംഘടിപ്പിച്ച വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തന്നെ പിന്തുണയ്ക്കാത്തവരെ കൂടെ നിര്‍ത്താന്‍ പലവഴികളും നോക്കുന്ന ബോറിസിന് പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഏറെ സുപ്രധാനമാണ്. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ ഋഷി സുനാക് തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.


പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബോറിസ് ജോണ്‍സന് സാധിക്കില്ലെന്നാണ് ചാന്‍സലറുടെ കണക്കുകൂട്ടല്‍. ബോറിസിന്റെ സ്ഥാനം തെറിച്ചാല്‍ ടോറി നേതൃത്വത്തിനായി പോരാട്ടം തുടങ്ങും. ഈ ഘട്ടത്തില്‍ ഒരു മുഴം മുന്‍പെ പ്രചരണപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ഋഷി സുനാക് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള ഡമ്മി വെബ്‌സൈറ്റ് പോലും തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഋഷി സുനാകും, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസുമാണ് ബോറിസിന്റെ പിന്‍ഗാമികളാകാന്‍ ഉയര്‍ന്ന സാധ്യതയുള്ള നേതാക്കള്‍. ഇതിന്റെ ഭാഗമായി പിആര്‍ നയിക്കുന്ന ക്യാംപെയിന്‍ തുടങ്ങാനുള്ള മിനുക്കുപണികളിലാണ് ചാന്‍സലറെന്നാണ് സൂചന. പ്രധാനമന്ത്രി അവിശ്വാസത്തില്‍ വീണാല്‍ നേതൃപോരാട്ടത്തില്‍ ജയിക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച് സുനാകും, അദ്ദേഹത്തിന്റെ അടുപ്പക്കാരും മുന്‍പ് നം.10 സ്റ്റാഫുമായും, എംപിമാരുമായും അനൗദ്യോഗികമായി സംസാരിച്ചെന്നും ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിഗേറ്റ് അന്വേഷണം നടത്തുന്ന സ്യൂ ഗ്രേയോട് ക്രിമിനല്‍ നടപടികളിലേക്ക് കടക്കാവുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സ്‌കോട്ട്‌ലണ്ട് യാര്‍്ഡ് ബോറിസിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവാദം ബോറിസിനെ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ചാന്‍സലറെന്ന് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ കുറ്റങ്ങളൊന്നും ചെയ്തില്ലെന്ന് ഗ്രേ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും ബോറിസിന്റെ പ്രതിച്ഛായ നഷ്ടമായെന്നും, ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സുനാക് കണക്കുകൂട്ടുന്നു.

'റെഡി ഫോര്‍ ഋഷി' എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നം.10ല്‍ പോലും ആശങ്ക പരത്തിയെന്ന് മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അവകാശപ്പെടുന്നത് പോലെ ഒരു പ്രചരണവും ആരംഭിച്ചിട്ടില്ലെന്ന നിലപാടാണ് ചാന്‍സലറുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. പത്രത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് ഇവരുടെ അവകാശവാദം.
Other News in this category



4malayalees Recommends