മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിനെ ലൈംഗിക പീഡനവും, അക്രമവും നടത്തിയെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണങ്ങളുടെ പേരില്‍ 20-കാരനായ സ്ട്രൈക്കര്‍ കസ്റ്റഡിയില്‍ തുടരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബൗഡനിലുള്ള താരത്തിന്റെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. ഗ്രീന്‍വുഡിനെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രഖ്യാപിച്ചു. ആഴ്ചയില്‍ 75,000 പൗണ്ട് വരുമാനമുള്ള താരത്തെയാണ് അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി ക്ലബ് സസ്പെന്‍ഡ് ചെയ്തത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മേസണ്‍ ഗ്രീന്‍വുഡ് പരിശീലനത്തിലും, മത്സരങ്ങള്‍ക്കും ഉണ്ടാകില്ലെന്ന് ക്ലബ് വക്താവ് അറിയിച്ചു. അറസ്റ്റിലായതോടെ താരത്തിന്റെ ഇംഗ്ലണ്ട് കരിയറും ബുദ്ധിമുട്ടിലാകും. ഗ്രീന്‍വുഡിന്റെ സ്പോണ്സര് നൈക്ക് വിഷയം ഏറെ ആശങ്ക ഉളവാക്കുന്നതായി പ്രതികരിച്ചു.
ശാരീരിക അതിക്രമം നേരിട്ടതായി ഒരു സ്ത്രീ അറിയിക്കുന്ന ചിത്രങ്ങളും, വീഡിയോകളും പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് പറഞ്ഞു. പീഡനവും, അക്രമവും നടത്തിയെന്ന സംശയത്തില്‍ 20-കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആറാം വയസ്സില്‍ മാഞ്ചസ്റ്ററില്‍ ചേര്‍ന്ന ഗ്രീന്‍വുഡ് അക്കാഡമി റാങ്കുകള്‍ കയറിയാണ് ഫസ്റ്റ് ടീമില്‍ എത്തിയത്. ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീമില്‍ 2020 ആഗസ്റ്റില്‍ പ്രവേശനവും നേടി.