ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി

ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി
വധഗൂഢാലോചന കേസ് പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്ന് നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.വാട്‌സ്‌സാപ്പ് വഴിയാണ് രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയത്. ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ല. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. രേഖകള്‍ വീണ്ടെടുക്കാന്‍ സായ്‌യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സായിയുടെ മൊഴിയുടെ വിശദവിവരങ്ങള്‍ ഉടന്‍ അന്വേഷണസംഘം കോടതിക്ക് കൈമാറും. അതേസമയം, ദിലീപിന്റെ മൊബൈല്‍ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. ഭാര്യയുടെ പേരിലുള്ള ലാപ്‌ടോപ്പ് ദിലീപിന്റെ ഫോണുമായി കണക്ട് ചെയ്താണ് സായ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും സായ് ശങ്കര്‍ ഹാജരായിരുന്നില്ല. നിലവില്‍ സായ് ശങ്കറിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരിശോധനാഫലം ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Other News in this category



4malayalees Recommends