വിമാനം പോലൊരു ബസ്; ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, സുധാകരന്റൈ നിര്‍ദ്ദേശത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി

വിമാനം പോലൊരു ബസ്; ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, സുധാകരന്റൈ നിര്‍ദ്ദേശത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരള പദ്ധതിയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കെ റെയിലിന് പകരമായി ബസുകള്‍ പോലെ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് കെ സുധാകരന്‍ മുന്നോട്ട് വെച്ചത്. ഇതിനെ ഫെയ്‌സ്ബുക്കിലൂടെ ട്രോളിയിരിക്കുകയാണ് മന്ത്രി.

ഇങ്ങനെ മതിയോ എന്ന് ചോദിച്ച് ബസിന് ചിറകുകള്‍ വച്ച ചിത്രം പങ്കിട്ടുകൊണ്ട് ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, ഫ്‌ളൈ ഫ്‌ളൈ എന്നാണ് വി ശിവന്‍കുട്ടി ഫെയ്ബുക്കില്‍ കുറിച്ചത്.

കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്നത് പോലെ വിമാന സര്‍വീസുകള്‍ നടത്താം. അങ്ങനെയാണെങ്കില്‍ കുടിയൊഴിപ്പിക്കലുകള്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്താതെയും പ്രശ്‌നം പരിഹരിക്കാമെന്നും ഈ പദ്ധതിക്ക് ഫ്‌ളൈ ഇന്‍ കേരള എന്ന് പേര് നല്‍കാമെന്നും സുധാകരന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും 1000 കോടിക്ക് സാധ്യമാകും. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ എന്ന് സുധാകരന്‍ ചോദിച്ചു.

ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് സുധാകരന്‍ അവതരിപ്പിച്ചത്. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം വരാതെയും പദ്ധതി നടപ്പിലാക്കാം. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.

ഫ്‌ളൈ ഇന്‍ കേരളയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ലെന്നും വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താമെന്നുമാണ് നിര്‍ദ്ദേശിച്ചത്. വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends