കുതിച്ചുയര്‍ന്ന് പേടിപ്പിച്ച യുകെയിലെ കോവിഡ് കേസുകള്‍ ഒതുങ്ങുന്നു; മൂന്നാഴ്ചയ്ക്കിടെ ആദ്യമായി ദൈനംദിന കേസുകള്‍ 14% താഴ്ന്നു; മരണങ്ങളും, ആശുപത്രി അഡ്മിഷനും മുന്നോട്ട് തന്നെ?

കുതിച്ചുയര്‍ന്ന് പേടിപ്പിച്ച യുകെയിലെ കോവിഡ് കേസുകള്‍ ഒതുങ്ങുന്നു; മൂന്നാഴ്ചയ്ക്കിടെ ആദ്യമായി ദൈനംദിന കേസുകള്‍ 14% താഴ്ന്നു; മരണങ്ങളും, ആശുപത്രി അഡ്മിഷനും മുന്നോട്ട് തന്നെ?

മൂന്നാഴ്ചയ്ക്കിടെ ആദ്യമായി ബ്രിട്ടനിലെ കോവിഡ് കേസുകള്‍ ആദ്യമായി താഴ്ന്നു. എന്നാല്‍ ആശുപത്രി അഡ്മിഷനും, മരണങ്ങളും മുന്നോട്ട് തന്നെ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 94,524 ഇന്‍ഫെക്ഷനുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്. ഒരാഴ്ച മുന്‍പത്തെ കണക്കുകളില്‍ നിന്നും 14 ശതമാനത്തിന്റെ കുറവാണിത്.


കഴിഞ്ഞ ചൊവ്വാഴ്ച സ്‌കോട്ട്‌ലണ്ടില്‍ നിന്നുള്ള നാല് ദിവസത്തെ കണക്കുകള്‍ ഒരുമിച്ച് രേഖപ്പെടുത്തിയിരുന്നത് യുകെയിലെ കേസുകള്‍ കുതിച്ചുയര്‍ന്നതായുള്ള അവസ്ഥ സൃഷ്ടിച്ചിരുന്നു. 250 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിക്കൊണ്ട് കാല്‍ശതമാനം വര്‍ദ്ധനവാണ് ഒരാഴ്ച കൊണ്ട് മരണസംഖ്യയില്‍ ഉണ്ടായത്. ആശുപത്രി പ്രവേശനങ്ങള്‍ 17 ശതമാനവും വര്‍ദ്ധിച്ചു.

മാര്‍ച്ച് ആദ്യം മുതല്‍ തന്നെ കേസുകള്‍ ബ്രിട്ടനില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഒമിക്രോണിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള വേര്‍ഷനാണ് ഇതിന് കാരണമായതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും നീക്കുകയും, ഇന്‍ഫെക്ഷന്‍ ബാധിച്ചാലും സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന നിബന്ധന നീക്കുകയും ചെയ്തതാണ് ഇതില്‍ ഒരു പ്രധാന പങ്കുവഹിച്ചതെന്ന് മന്ത്രിമാര്‍ പറയുന്നു.

ഈ മാസം അവസാനത്തോടെ ഇന്‍ഫെക്ഷനുകള്‍ പീക്കില്‍ എത്തുമെന്നാണ് ചില വിദഗ്ധര്‍ പ്രവചിക്കുന്നത്. എല്ലാ യുകെ നേഷനുകളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വ്യക്തമാക്കി. ഇംഗ്ലണ്ടിലാണ് ഏറ്റവും ശക്തമായ വര്‍ദ്ധന രേഖപ്പെടുത്തിയത്. പിസിആര്‍ പോസിറ്റിവിറ്റി നിരക്ക് ഇംഗ്ലണ്ടില്‍ ഇപ്പോഴും ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിയെ ഇനിയും കാര്യമായി എടുത്ത് സ്തംഭിച്ച് നില്‍ക്കാതെ മുന്നോട്ട് പോകാനാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം. വാക്‌സിനെ വിശ്വസിച്ച് മുന്നോട്ട് പോകുമ്പോഴും പുതിയ വേരിയന്റ് തലവേദന സൃഷ്ടിച്ചാല്‍ കളിമാറുമെന്ന ഭീതി മാത്രമാണ് ബാക്കിയുള്ളത്.
Other News in this category



4malayalees Recommends