യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; നോര്‍ത്താംപ്ടണില്‍ മൂവാറ്റുപുഴ സ്വദേശി ജയ്‌മോന്‍ പോള്‍ അന്തരിച്ചു ; 42 വയസ്സുമാത്രമുള്ള ജോയ്‌മോന്റെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ;  നോര്‍ത്താംപ്ടണില്‍ മൂവാറ്റുപുഴ സ്വദേശി ജയ്‌മോന്‍ പോള്‍ അന്തരിച്ചു ; 42 വയസ്സുമാത്രമുള്ള ജോയ്‌മോന്റെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
മൂന്നു മാസം മുമ്പാണ് 39 കാരനായ താമരശേരി സ്വദേശി വിനോദ് യുകെയില്‍ മരിച്ചത്. ഇപ്പോഴിതാ മറ്റൊരു യുവാവിന്റെ ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. നോര്‍ത്താംപ്ടണില്‍ മൂവാറ്റുപുഴ സ്വദേശി ജയ്‌മോന്‍ പോളിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.

ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ് കിടക്കാന്‍ പോയ ജെയ്‌മോനെ ശരീരം നിശ്ചലമായ നിലയിലാണ് ഭാര്യ കാണുന്നത്. ഉടന്‍ തന്നെ ഭാര്യ സന്ധ്യ അയല്‍വീടുകാരായ മലയാളികളുടെ അടക്കം സഹായം തേടിയിരുന്നു. ആംബുലന്‍സ് എത്തും മുമ്പേ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി. എയര്‍ ആംബുലന്‍സും അടിയന്തര സഹായം വേണ്ടിവന്നാലെന്ന രീതിയില്‍ എത്തിയിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റിനകം ആംബുലന്‍സ് എത്തി .പാരാമെഡിക്കലുകളുടെ പരിശോധനയില്‍ തന്നെ പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല. ഒടുവില്‍ പരമാവധി ശ്രമം നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

നോര്‍ത്താംപ്ടണിലെ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായ ജെയ്‌മോന്റെ മരണത്തില്‍ പരിചയക്കാരെല്ലാം ഞെട്ടിയിരിക്കുകയാണ്.

മൂവാറ്റുപുഴ കുന്നേക്കാല്‍ സ്വദേശിയായ ജോയ്‌മോന്‍ 15 വര്‍ഷമായി യുകെയിലാണ് താമസം. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. സെന്റ് മാത്യൂസ് ഹെല്‍ത്ത് കെയറില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ സന്ധ്യയും രണ്ടുമക്കളും അടങ്ങുന്നതാണ് കുടുംബം.

Other News in this category



4malayalees Recommends