വിശുദ്ധിയുടെ ആരാമത്തിലേക്ക് മാതൃഭക്തര്‍ ഒഴുകിയെത്തും ;അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്‍..

വിശുദ്ധിയുടെ ആരാമത്തിലേക്ക് മാതൃഭക്തര്‍ ഒഴുകിയെത്തും ;അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ശനിയാഴ്ച;  വിപുലമായ ഒരുക്കങ്ങള്‍..
എയ്ല്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ റീജിയണിലെ മിഷനുകളും ഇടവകകളും കേന്ദ്രീകരിച്ചു തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തുന്നതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.20 ന് വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തില്‍ കര്‍മ്മലമാതാവിന്റെ സ്‌കാപുലര്‍ ധരിച്ച പ്രസുദേന്തിമാരും, അള്‍ത്താരബാലന്മാരും, വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേരും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും അതിനു ശേഷം തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും. അഭിവന്ദ്യ പിതാവിനോടൊപ്പം എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി പ്രിയോര്‍ റവ. ഫാ. ഫ്രാന്‍സിസ് കെംസ്‌ലി, രൂപതയിലെ വികാരി ജനറാള്‍മാര്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന്റെ തിരി തെളിയിക്കും.

ഉച്ചക്ക് 1 .30 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്‍ഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക. രൂപതയുടെ എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെ ഒടുവില്‍ ഓപ്പണ്‍ പിയാസയുടെ മുന്നില്‍ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയില്‍ സമാപനശീര്‍വാദം നടക്കും. തീര്‍ത്ഥാടകര്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരാറുള്ള കര്‍മ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്യുന്നതാണ്. തുടര്‍ന്ന് തീര്‍ത്ഥാടകരായി എത്തിയിട്ടുള്ള എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തിരുനാള്‍ പ്രസുദേന്തിയാകുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് അറ്റന്‍ഡര്‍മാരുടെ നിയന്ത്രണത്തില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ മിതമായ നിരക്കില്‍ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.

കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈ പുണ്യഭൂമിയില്‍ വച്ച് നടക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:


റവ. ഫാ. ടോമി എടാട്ട് (07438434372), റോജോ കുര്യന്‍ (07846038034), ലിജോ സെബാസ്റ്റ്യന്‍ (07828874708)
Addres of the Venue: The Friars, Aylesford, Kent, ME20 7BX

Other News in this category4malayalees Recommends