സുനാകിന്റെ ആത്മവിശ്വാസം ശരിയായി; ദുരന്തം പ്രവചിച്ച വിദഗ്ധരെ ഞെട്ടിച്ച് യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി; ഒഎന്‍എസ് കണക്കുകള്‍ മുന്‍ ചാന്‍സലര്‍ക്ക് ഗുണമാകുമോ?

സുനാകിന്റെ ആത്മവിശ്വാസം ശരിയായി; ദുരന്തം പ്രവചിച്ച വിദഗ്ധരെ ഞെട്ടിച്ച് യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി; ഒഎന്‍എസ് കണക്കുകള്‍ മുന്‍ ചാന്‍സലര്‍ക്ക് ഗുണമാകുമോ?

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ തകര്‍ന്നടിയും, സാമ്പത്തിക പ്രതിസന്ധി വരും, എന്നുതുടങ്ങിയ പല വിധത്തിലുള്ള ദുരന്ത പ്രവചനങ്ങളാണ് ഏതാനും നാളുകളായി സാമ്പത്തിക വിദഗ്ധര്‍ നടത്തുന്നത്. ഋഷി സുനാക് ചാന്‍സലര്‍ പദവി രാജിവെച്ച് പ്രധാനമന്ത്രി പോരാട്ടത്തിന് ഇറങ്ങിയതോടെ ഈ ആരോപണങ്ങള്‍ ശക്തമാകുകയും ചെയ്തു.


എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി യുകെ സമ്പദ് വ്യവസ്ഥ മേയ് മാസത്തില്‍ 0.5% വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് മാസം തുടര്‍ച്ചയായി ജിഡിപി ചുരുങ്ങി നിന്ന ശേഷമാണ് ഈ തിരിച്ചുവരവ്.

ഇക്കണോമിസ്റ്റുകള്‍ കണക്കുകൂട്ടിയതിലും ഏറെ പോസിറ്റീവ് വളര്‍ച്ചയാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേടിയിരിക്കുന്നത്. എനര്‍ജി ചെലവ് ഉയര്‍ന്നത് മൂലം ജീവിതച്ചെലവ് പ്രതിസന്ധിയിലാകുകയും, പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തതോടെ മേയില്‍ പൂജ്യം വളര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷ.


എല്ലാ പ്രധാന മേഖലകളിലും വളര്‍ച്ച കൈവരിച്ചതോടെയാണ് സമ്പദ്ഘടന തിരിച്ചുവന്നതെന്ന് ഒഎന്‍എസ് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ഡാരെണ്‍ മോര്‍ഗണ്‍ പറഞ്ഞു. 'ഹെല്‍ത്ത് മേഖലയാണ് പ്രധാന ഊര്‍ജ്ജം. വാക്‌സിനേഷനും, ടെസ്റ്റ് & ട്രേസും നിര്‍ത്തുമ്പോഴും ആളുകള്‍ ജിപിമാരെ കൂടുതല്‍ കാണുന്നു. റോഡ് ഹോളിയേഴ്‌സിനും തിരക്കേറിയ മാസമായിരുന്നു. ട്രാവല്‍ ഏജന്‍സികളും സമ്മര്‍ ഹോളിഡേയുടെ ബലത്തില്‍ പിടിച്ചുകയറി. നിര്‍മ്മാണ മേഖലയിലും ഏതാനും മാസത്തെ ദുരവസ്ഥയ്ക്ക് ശേഷം വളര്‍ച്ച തിരിച്ചെത്തി. കണ്‍സ്ട്രക്ഷനും വളര്‍ച്ച നേടി', മോര്‍ഗണ്‍ വ്യക്തമാക്കി.


ബോറിസ് ജോണ്‍സണ്‍ പുറത്തായതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുതിയ നേതാവിനെ തേടുന്ന ഘട്ടത്തിലാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുന്നത്. നേതൃപോരാട്ടത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ നികുതി കുറയ്ക്കുന്നതിനെ ചൊല്ലിയാണ് പ്രധാന സംവാദം നടത്തുന്നത്.

മുന്‍ ചാന്‍സലര്‍ ഋഷി സുനാക് മാത്രമാണ് അടിയന്തര സഹായമെന്ന വാഗ്ദാനത്തിലേക്ക് എടുത്ത് ചാടാതെ പ്രചരണം നടത്തുന്നത്. ഇതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുമെന്ന് പ്രചരിപ്പിച്ച് സുനാകിനെ കുരിശേറ്റാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകും.


Other News in this category



4malayalees Recommends