പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന് അറസ്റ്റില്‍. ഗായകന് കൂടിയായ ഭവ്നിന്ദര് സിങ് ആണ് പോലീസിന്റെ പിടിയിലായത്. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് നടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് പരാതി നല്‍കിയത്.
ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും അമല പോള്‍ ആരോപിക്കുന്നു. 2020 നവംബറില്‍ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചതായും അമല പോള്‍ ആരോപിച്ചു.
അമല പോളും ഭവ്നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാല്‍ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദര് തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് താരം വെളിപ്പെടുത്തി. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തി എന്നും നടി ആരോപിച്ചു.
2020 മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രം ഭവ്നിന്ദര് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍, അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്നിന്ദര് അവ നീക്കം ചെയ്യുകയും ചെയ്തു. എങ്കിലും ചിത്രങ്ങള്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.
നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ല്‍ സംവിധായകന് എ.എല്‍. വിജയ്യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഡാവര്‍ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.