നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല: കെ. മുരളീധരന്‍

നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല: കെ. മുരളീധരന്‍
നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍ എംപി. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന ആ കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാനവാക്ക്. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങള്‍ മുന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്.

നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയുടെ കരുത്ത്. പാര്‍ട്ടിയിലെ അന്തിമ വാക്ക് നെഹ്‌റു കുടുംബത്തിന്റെ ആണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും.


Other News in this category



4malayalees Recommends