എത്ര വിശന്നാലും മനുഷ്യരെ ബൊമ്മ ആക്കി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ തോന്നാറില്ല'

എത്ര വിശന്നാലും മനുഷ്യരെ ബൊമ്മ ആക്കി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ തോന്നാറില്ല'
കേരളത്തിലെ മിക്ക ഹോട്ടലുകളുടെയും മുന്നിലും വെയിലത്തും മഴയത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ 'ഹോട്ടല്‍' എന്നെഴുതിയ ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന മനുഷ്യരുണ്ടാകാറുണ്ട്. ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലാതെ രാവിലെ മുതല്‍ വൈകിട്ട് വരെ മണിക്കൂറുകള്‍ നീളുന്ന ആ നില്‍പ്പിനെ കുറിച്ച് തുറന്നുകാട്ടുകയാണ് ഡോ. സൗമ്യ സരിന്‍.

നിങ്ങളുടെ യാത്രകളില്‍ പലയിടത്തും നിങ്ങള്‍ ഇങ്ങനെ വഴിയരികില്‍ നില്‍ക്കുന്നവരെ കണ്ടിട്ടുണ്ടാവും. ഹോട്ടലുകളുടെ പുറത്തായി…ഇങ്ങനെ ഒരു ബോര്‍ഡും പിടിച്ചു കൊണ്ട്…എന്റെ ആശുപത്രിയിലേക്കുള്ള ചെറിയ ദൂരത്തില്‍ തന്നെ ഞാന്‍ 3 – 4 പേരെ ഇതുപോലെ കാണാറുണ്ട്. അതില്‍ ഒരാള്‍ ആണ് ചിത്രത്തില്‍…

വെയിലായാലും മഴ ആയാലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു ബോര്‍ഡും പിടിപ്പിച്ചു അവരെ നിര്‍ത്തിയിരിക്കുകയാണ് വഴിയരികില്‍…ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലാതെ. ഈ കുട പോലും പലപ്പോഴും ആര്‍ഭാടം ആണ്. പലപ്പോഴും അതും കാണാറില്ല.

സത്യത്തില്‍ എന്താണിതിന്റെ ആവശ്യം? ഒരു വെറും ബോര്‍ഡിന്റെ പണി എടുക്കാന്‍ മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ഇതിലും കഷ്ടപ്പാടുള്ള പണിയും അവര്‍ ചെയ്യുമായിരിക്കും. അതവരുടെ ഗതികേട്! അതിനെ ഇങ്ങനെ മുതലെടുക്കുന്നത് കഷ്ടമല്ലേ?!

അക്ഷരാഭ്യാസമുള്ള ആര്‍ക്കും ഹോട്ടല്‍ എന്നൊരു ബോര്‍ഡ് വായിക്കാം. വിശക്കുന്നുണ്ടെങ്കില്‍ കയറി ഭക്ഷണം കഴിക്കാം. അതിന് ഒരു മനുഷ്യന്‍ ഇങ്ങനെ പാവ പോലെ പൊരിവെയിലത്തു നിക്കണോ? ഒരു 10 മിനിറ്റ് ഈ ഹോട്ടല്‍ മുതലാളിമാര്‍ ഒന്ന് ഇങ്ങനെ വന്നു നിന്ന് നോക്കിയാല്‍ അറിയാം എന്താണ് ഇതിന്റെ ബുദ്ധിമുട്ട് എന്ന്. ഇനി അങ്ങിനെ നിര്‍ത്തിയെ തീരൂ എന്നാണെങ്കില്‍ ഒരു കസേരയും ഒരു കുടയും എങ്കിലും കൊടുക്കുക.

എത്ര വിശപ്പുണ്ടെങ്കിലും ഇത്തരത്തില്‍ മനുഷ്യരെ ബൊമ്മ ആക്കി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് എന്തെങ്കിലും കഴിക്കാന്‍ എനിക്ക് തോന്നാറില്ല. കാരണം അവിടെ മനുഷ്യത്വത്തിന്റെ സ്വാദുണ്ടാവില്ല!

Other News in this category



4malayalees Recommends