മഞ്ഞുരുകും! കൊടുംതണുപ്പിന് പിന്നാലെ താപനില ഉയരും; ദുരിതം വര്‍ദ്ധിപ്പിക്കാന്‍ കനത്ത മഴയും; ഉരുകുന്ന മഞ്ഞ് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്

മഞ്ഞുരുകും! കൊടുംതണുപ്പിന് പിന്നാലെ താപനില ഉയരും; ദുരിതം വര്‍ദ്ധിപ്പിക്കാന്‍ കനത്ത മഴയും; ഉരുകുന്ന മഞ്ഞ് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്

യുകെയുടെ ചില ഭാഗങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്. ശക്തമായ മഴ പെയ്തിറങ്ങുന്നതാണ് യാത്രാദുരിതം സൃഷ്ടിക്കുന്നത്. രാജ്യത്തേക്ക് മഴമേഘങ്ങള്‍ നീങ്ങാന്‍ തുടങ്ങിയതോടെ നദികളില്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.


നോര്‍ത്ത് ഈസ്റ്റ് മേഖലയിലേക്ക് എത്തുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ ദുരിതം വര്‍ദ്ധിപ്പിക്കുന്നത്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നതോടെ സൗത്ത് ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും രണ്ട് മഞ്ഞ ജാഗ്രതകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നനഞ്ഞ കാലാവസ്ഥയില്‍ നിരവധി നദികളില്‍ വെള്ളം ഉയരുമെന്ന് വന്നതോടെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. എവോണ്‍, ആക്‌സ്, ബ്രിട്ട്, ചാര്‍, റിഗിള്‍ നദികള്‍ക്ക് ചുറ്റുമുള്ള മേഖലകള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 10 ഇടങ്ങള്‍ക്ക് സമീപമുള്ള റോഡുകളിലേക്കാണ് വെള്ളം കയറാന്‍ സാധ്യതയുള്ളത്.

കാലാവസ്ഥാ പ്രവചനങ്ങള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ പൈപ്പുകള്‍ പൊട്ടാനും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ഡീഫ്രോസ്റ്റ് ചെയ്യപ്പെടുന്ന പൈപ്പുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ മഞ്ഞുരുകുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. വെള്ളിയാഴ്ച വരെയെങ്കിലും കാലാവസ്ഥ അത്ര സാരമായ നിലയിലേക്ക് മാറില്ലെന്നാണ് പ്രതീക്ഷ. 15 സെല്‍ഷ്യസിലേക്കാണ് കൊടുംതണുപ്പില്‍ നിന്നും താപനില വര്‍ദ്ധിക്കുന്നത്.
Other News in this category



4malayalees Recommends